വഴിയോര കച്ചവടക്കാരനെ തട്ടിക്കൊണ്ടു പോയി കൊന്നു കുഴിച്ചു മൂടിയ കേസ്; തേനി സ്വദേശികളായ ഏഴു പേര്‍ അറസ്റ്റില്‍
വഴിയോര കച്ചവടക്കാരനെ തട്ടിക്കൊണ്ടു പോയി കൊന്നു കുഴിച്ചു മൂടിയ കേസ്; ഏഴു പേര്‍ അറസ്റ്റില്‍
കുമളി: വഴിയോര കച്ചവടക്കാരനെ തട്ടിക്കൊണ്ടു പോയി കൊന്നു കുഴിച്ചു മൂടിയ കേസില്‍ ഏഴുപേരെ തേനി പൊലീസ് അറസ്റ്റ് ചെയ്തു. അലങ്കാരവിളക്കുകള്‍, ആഭരണങ്ങള്‍ തുടങ്ങിയവ വഴിയോരത്തു വിറ്റിരുന്ന ബെംഗളൂരു സ്വദേശി ദിലീപ് (40) ആണു കൊല്ലപ്പെട്ടത്. ദിലീപിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു കൊലപ്പെടുത്തിയശേഷം മൃതദേഹം തേനി ജെല്ലിപ്പട്ടിക്കു സമീപത്തെ തോട്ടത്തില്‍ കുഴിച്ചിടുക ആയിരുന്നു.
സംഭവത്തില്‍ തേനി സ്വദേശികളായ മുകേഷ് പാണ്ടി (25), ആകാശ് (19), മുത്തുപാണ്ടി (19), ഇളയരാജ (37), മുരുകന്‍ (45), സതീഷ്‌കുമാര്‍ (34), സൗമ്യന്‍ (31) എന്നിവരാണു പിടിയിലായത്. ഈ മാസം 15ന്, തേനി സ്വദേശികളായ നാലംഗസംഘം ആഭരണങ്ങള്‍ വാങ്ങാനെന്ന പേരില്‍ ദിലീപിനെയും സുഹൃത്തിനെയും തേനി ബസ് സ്റ്റാന്‍ഡിലേക്കു വിളിച്ചുവരുത്തി കാറില്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീടു തേനിക്കടുത്തുള്ള ഒരു തോട്ടത്തിലെത്തിച്ചു മര്‍ദിച്ചു.
ദിലീപിനെ പിടിച്ചുവച്ച സംഘം സുഹൃത്തിനെ തല്ലിയോടിച്ചു. പിന്നീടു ദിലീപിനെ കാണാതായി. 24നു സഹോദരി കൊടുത്ത പരാതിയില്‍ തേനി പൊലീസ് നടത്തിയ അന്വേഷണത്തിലാണു കൊലപാതകവിവരം പുറത്തുവന്നത്. സ്വര്‍ണാഭരണങ്ങള്‍ എന്ന പേരില്‍ വഴിയോരക്കച്ചവടക്കാരില്‍നിന്ന് ആഭരണം വാങ്ങി വഞ്ചിക്കപ്പെട്ടവരാണു കൊലപാതകത്തിനു പിന്നിലെന്നു കണ്ടെത്തി. കുറഞ്ഞ വിലയ്ക്ക് സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുന്ന സംഘത്തിലെ അംഗമാണെന്ന സംശയത്തെത്തുടര്‍ന്നാണ് ദിലീപിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതെന്നും പൊലീസ് പറഞ്ഞു.