യുജിസി ചട്ടം മറികടന്ന് ഇടത് അധ്യാപക സംഘടനാ നേതാവിന് സ്ഥാനക്കയറ്റം നല്‍കാന്‍ നീക്കമെന്ന് ആരോപണം; കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഇടത് - ബിജെപി അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം

കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഇടത് - ബിജെപി അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം

Update: 2025-05-05 15:42 GMT

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ ഇടത് അധ്യാപക സംഘടനാ നേതാവിന് യു ജി സി ചട്ടം മറികടന്ന് സ്ഥാനക്കയറ്റം നല്‍കാന്‍ നീക്കമെന്ന് ആരോപണം. കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഇടത് - ബിജെപി അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. 2018ലെ യുജിസി റെഗുലേഷന്‍, സര്‍വ്വകലാശാലാ അധ്യാപകരുടെ പ്രമോഷന് പരിഗണിക്കാവുന്ന മുന്‍കാല താല്‍ക്കാലിക സേവന വ്യവസ്ഥകള്‍ സംബന്ധിച്ച് കൃത്യമായ നിര്‍വചനം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് യോഗ്യത, നിയമന രീതി എന്നിവയ്ക്ക് സ്ഥിരാധ്യാപക നിയമനത്തിന്റെ മാനദണ്ഡങ്ങള്‍ തന്നെയാണ് താല്‍ക്കാലിക അധ്യാപക നിയമനത്തിനും പരിഗണിക്കേണ്ടതെന്ന് യുജിസി ചട്ടം കൃത്യമായി നിര്‍വചിക്കുന്നുണ്ട്.

2018ലെ യുജിസി റെഗുലേഷന്‍ അംഗീകരിച്ചുകൊണ്ട് 2021 ല്‍ കേരള സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് തീരുമാനമെടുക്കുകയും തുടര്‍ന്ന് അത് യൂണിവേഴ്‌സിറ്റി ഉത്തരവായി ഇറങ്ങിയിട്ടുള്ളതുമാണ്. എന്നാല്‍ ഇതിന് കടകവിരുദ്ധമായി സര്‍വ്വകലാശാലയിലെ സിന്‍ഡിക്കേറ്റ് അംഗവും അധ്യാപക സംഘടനാ നേതാവും ആയ ഒരു വ്യക്തിക്ക് വേണ്ടി സര്‍വ്വകലാശാലാ ചട്ടങ്ങള്‍ കാറ്റില്‍ പറത്തി സ്ഥാനക്കയറ്റം നല്‍കാനുള്ള നീക്കം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുന്നതാണെന്ന് സിന്‍ഡിക്കേറ്റിലെ ബിജെപി അംഗങ്ങള്‍ പറഞ്ഞു.

സര്‍വ്വകലാശാലാ റാങ്കിങ്ങില്‍ മികവാര്‍ന്ന സ്ഥാനം അലങ്കരിക്കുന്ന കേരള സര്‍വകലാശാലയെ പിന്നോട്ട് അടിക്കുവാന്‍ ഇടവരുത്തുന്നതാണ് ഇത്തരം വഴിവിട്ട നീക്കങ്ങള്‍. സംഘടനാ നേതാവിന് വഴിവിട്ട് സ്ഥാനക്കയറ്റം നല്‍കാന്‍ ഭൂരിപക്ഷമുപയോഗിച്ച് കഴിഞ്ഞ സിന്‍ഡിക്കേറ്റിലെടുത്ത തീരുമാനം നടപ്പാക്കാതെ വൈസ് ചാന്‍സലര്‍ ചാന്‍സലറുടെ പരിഗണനയ്ക്ക് വിട്ടിരുന്നു. ഇത് സംബന്ധിച്ച ചാന്‍സലറുടെ കാരണം കാണിക്കല്‍ നോട്ടീസിന്റെ പേരിലാണ് ഇന്ന് പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്നത്.

ചട്ടവിരുദ്ധ തീരുമാനം അംഗീകരിക്കില്ലെന്ന് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത സിന്‍ഡിക്കേറ്റംഗങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ ഭൂരിപക്ഷ തീരുമാനം അംഗീകരിക്കണമെന്ന് ഇടത് സിന്‍ഡിക്കേറ്റംഗങ്ങളും വാശി പിടിച്ചു. ഇതേച്ചൊല്ലി യോഗത്തില്‍ സി പി എം - ബി ജെ പി അംഗങ്ങള്‍ തമ്മില്‍ ഏറെ നേരം വാദപ്രതിവാദങ്ങള്‍ നടന്നു.

Similar News