നിര്‍മാണം പൂര്‍ത്തിയാക്കിയ റോഡുകളുടെ ബില്‍ മാറാന്‍ 2000 രൂപ കൈക്കൂലി; റോഡ്‌സ് വിഭാഗത്തിലെ മൂന്ന് ഉദ്യോഗസ്ഥര്‍ വിജിലന്‍സ് അറസ്റ്റില്‍: മൂവരും സ്ഥിരം കൈക്കൂലിക്കാരെന്ന് റിപ്പോര്‍ട്ട്

ബിൽ മാറാൻ കൈക്കൂലി; റോഡ്സ് വിഭാഗത്തിലെ 3 ഉദ്യോഗസ്ഥർ അറസ്റ്റിൽ

Update: 2025-05-09 00:34 GMT

പാലക്കാട്: ബില്ലുമാറാന്‍ 2000 രൂപ കൈക്കൂലി ആവശ്യപ്പെട്ട പൊതുമരാമത്തു വകുപ്പ് ഓഫിസിലെ മൂന്ന് ഉദ്യോഗസ്ഥരെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. പാലക്കാട് സിവില്‍ സ്റ്റേഷനിലുള്ള റോഡ്‌സ് വിഭാഗം ഓഫിസിലെ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫിസര്‍ എസ്.ശശിധരന്‍, ജൂനിയര്‍ സൂപ്രണ്ട് സി.രമണി, ഡിവിഷനല്‍ അക്കൗണ്ട്‌സ് ഓഫിസര്‍ ജെ.സാലുദ്ദീന്‍ എന്നിവരെയാണു പൊതുമരാമത്തു വകുപ്പ് ഓഫിസില്‍ നിന്നു വിജിലന്‍സ് കൈക്കൂലി പണവുമായി അറസ്റ്റ് ചെയ്തത്. 2,000 രൂപ വീതം കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുകളുമായി ഉദ്യോഗസ്ഥരെ വിജിലന്‍സ് പിടികൂടിയത്.

നിര്‍മാണം പൂര്‍ത്തിയാക്കിയ റോഡുകളുടെ ബില്‍ മാറിക്കിട്ടാനെത്തിയപ്പോഴാണു കരാറുകാരനില്‍ നിന്നു മൂന്ന് ഉദ്യോഗസ്ഥരും പണം ആവശ്യപ്പെട്ടത്. ഇതിനു മുന്‍പും ബില്‍ മാറിക്കിട്ടാന്‍ ഇതേ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയതായി കരാറുകാരന്‍ വിജിലന്‍സിനു മൊഴിനല്‍കി. മുന്‍പും കൈക്കൂലി ആവശ്യപ്പെട്ട മൂവരും 2000 രൂപ വീണ്ടും ആവശ്യപ്പെട്ടതോടെയാണ് കരാറുകാരന്‍ വിജിലന്‍സിനെ സമീപിച്ചത്.

ബില്‍ മാറിക്കിട്ടണമെങ്കില്‍ ഈ മൂന്ന് ഉദ്യോഗസ്ഥരുടെയും ഒപ്പു വേണം. വിജിലന്‍സ് നല്‍കിയ ഫിനോഫ്തലിന്‍ പുരട്ടിയ പണം കരാറുകാരനില്‍ നിന്ന് ഉദ്യോഗസ്ഥര്‍ വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. ഇതേ സമയത്തു മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എം.ബി.രാജേഷ്, കെ.രാജന്‍ എന്നിവര്‍ പട്ടയമേളയില്‍ പങ്കെടുക്കാന്‍ തൊട്ടടുത്തു കോട്ടമൈതാനത്തുണ്ടായിരുന്നു.

ഉദ്യോഗസ്ഥരുടെ വീടുകളിലും പരിശോധന നടത്തി. മൂന്ന് ഉദ്യോഗസ്ഥരെയും തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുമെന്നു ഡിവൈഎസ്പി എസ്.ഷംസുദ്ദീന്‍ അറിയിച്ചു. ഇന്‍സ്‌പെക്ടര്‍മാരായ ടി.ഷിജു ഏബ്രഹാം, അരുണ്‍ പ്രസാദ്, ഇന്‍സ്‌പെക്ടര്‍ എം.ശശി, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ.സുഭാഷ്, വി.ഹരിഹരന്‍, ആര്‍.രാജേഷ്, കെ.മനോജ്, എം.ബാലകൃഷ്ണന്‍, വി.സുജിത്ത്, എസ്.സിന്ധു, വി.ഷംസുദ്ദീന്‍, കെ.ജിതിന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Tags:    

Similar News