വനത്തില്‍ കുടുങ്ങിയ ആളെ അഞ്ച് ദിവസത്തിന് ശേഷം അവശ നിലയില്‍ കണ്ടെത്തി; കണ്ടെത്തിയത് പോലിസും വനംവകുപ്പും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍

വനത്തില്‍ കുടുങ്ങിയ ആളെ അഞ്ച് ദിവസത്തിന് ശേഷം അവശ നിലയില്‍ കണ്ടെത്തി

Update: 2025-05-11 01:16 GMT

ഇടുക്കി: സുഹൃത്തുകള്‍ക്കൊപ്പം വനത്തില്‍ പോയി കാണാതായ ആളെ അഞ്ചുദിവസത്തിനുശേഷം കാട്ടില്‍ നിന്നും അവശനിലയില്‍ കണ്ടെത്തി. ഉപ്പുകുന്ന് മൂലക്കാട് കാക്കോട്ടോലിക്കല്‍ രാജീവ്(45)നെയാണ് കുളമാവ് വനത്തില്‍നിന്ന് പോലീസും വനംവകുപ്പും ചേര്‍ന്ന് കണ്ടെത്തിയത്.

മേയ് ആറിനാണ് രാജീവ സുഹൃത്തുക്കള്‍ക്കൊപ്പം ചേരി വനത്തില്‍ പോയത്. സുഹൃത്തുക്കളായ മനു ഏലിയാസ്, പ്രസാദ് രവീന്ദ്രന്‍ എന്നിവര്‍ക്കൊപ്പമാണ് രാജു വനത്തില്‍ എത്തിയത്. ഒന്‍പതിന് ഉച്ചയോടെ മനുവും പ്രസാദും തിരികെയെത്തി. 10-ന് രാവിലെ രാജീവിനെ തിരക്കി വീട്ടുകാര്‍ എത്തിയപ്പോഴാണ് രാജീവ് തിരികെ എത്തിയില്ലെന്ന വിവരം അറിയുന്നത്. ഇതോടെ രാജീവിന്റെ അച്ഛന്‍ കരിമണ്ണൂര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് കൂടെപ്പോയ സുഹൃത്തുകളുടെ മൊഴിയെടുത്തു.

ചേരി വനത്തില്‍ കാട്ടുപത്രി പറിക്കാന്‍ പോയെന്നാണ് സുഹൃത്തുക്കള്‍ പോലീസിനോട് പറഞ്ഞത്. പോലീസ് കുളമാവ് ഫോറസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് കരിമണ്ണൂര്‍ പോലീസും കുളമാവ് റേഞ്ച് വനം ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ രാജീവിനെ അവശനിലയില്‍ കാട്ടില്‍ കണ്ടെത്തുകയായിരുന്നു.

തൊടുപുഴ-ഇടുക്കി സംസ്ഥാനപാതയില്‍നിന്ന് നാലുകിലോമീറ്റര്‍ ഉള്ളില്‍ വനത്തിലൊരു ചെറിയ ഷെഡിലാണ് കണ്ടെത്തിയത്. വിശദമായ അന്വേഷണം നടത്തുമെന്ന് കരിമണ്ണൂര്‍ എസ്എച്ച്ഒ വി.സി. വിഷ്ണുകുമാര്‍ പറഞ്ഞു. രാജീവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്ഐ ബേബി ജോസഫ്, എഎസ്ഐ കെ.പി. ചന്ദ്രബോസ് അനില്‍, സിപിഒമാരായ അനോഷ് ഷാഹിദ്, സെക്ഷന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരായ സന്തോഷ്, സുധാമോള്‍ ഡാനിയല്‍, എന്‍. സഞ്ജുമോന്‍, എം. മിഥുന്‍, ഫോറസ്റ്റ് വാച്ചര്‍ മഹേഷ് ഷാജി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തിയത്.

Tags:    

Similar News