ശബരീശ സന്നിധിയില്‍ പൂജിച്ച സ്വര്‍ണ്ണ ലോക്കറ്റ്; ഏഴു ദിവസം കൊണ്ട് ഭക്തര്‍ വാങ്ങിയത് 184 ലോക്കറ്റുകള്‍
പമ്പ: ശബരിമല ശ്രീകോവിലില്‍ പൂജിച്ച അയ്യപ്പ ചിത്രം പതിപ്പിച്ച സ്വര്‍ണ്ണ ലോക്കറ്റിന് ഭക്തജനങ്ങളില്‍ നിന്ന് ലഭിക്കുന്നത് മികച്ച പിന്തുണ. വില്പന ഏഴു ദിവസം പൂര്‍ത്തിയാകുമ്പോള്‍ 56 പവന്‍ തൂക്കമുള്ള 184 സ്വര്‍ണ്ണ ലോക്കറ്റുകള്‍ സന്നിധാനത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് വഴി വിതരണം ചെയ്തു. 2 ഗ്രാമിന്റെ 155 ലോക്കറ്റുകളും, 4 ഗ്രാമിന്റെ 22 ലോക്കറ്റുകളും 8 ഗ്രാമിന്റെ 7 ലോക്കറ്റുകളുമാണ് വിതരണം ചെയ്തത്. വിഷുദിനത്തിലാണ് ലോക്കറ്റ് ഭക്തര്‍ക്കായി വിതരണം ചെയ്യാന്‍ ആരംഭിച്ചത്. വിഷുവിനോട് അനുബന്ധിച്ച പൂജകള്‍ക്ക് ആറു ദിവസവും ഇടവമാസ പൂജകള്‍ക്കായി നട തുറന്ന ഇന്നലെയുമായി ഏഴു ദിവസമാണ് ഭക്തജനങ്ങള്‍ക്ക് ലോക്കറ്റ് കൈപ്പറ്റാന്‍ അവസരം ഉണ്ടായിരുന്നത്.
ഏഴു ദിവസം പൂര്‍ത്തിയാക്കുമ്പോള്‍ 184 ഭക്തര്‍ പണമടച്ച് ലോക്കറ്റ് കൈപ്പറ്റി. ആകെ 56.7 പവന്‍ തൂക്കമുള്ള ലോക്കറ്റുകള്‍ ആണ് ഇതുവരെ വിതരണം ചെയ്തത്. ഓണ്‍ലൈന്‍ വഴിയോ ശബരിമല സന്നിധാനത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ നേരിട്ട് എത്തിയോ സ്വര്‍ണ്ണ ലോക്കറ്റുകള്‍ ബുക്ക് ചെയ്യാം. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് വഴിയാണ് ലോക്കറ്റുകളുടെ വിതരണം. ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവരും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ എത്തി ലോക്കറ്റുകള്‍ കൈപ്പറ്റണം. രണ്ട് ഗ്രാം, നാല് ഗ്രാം, 8 ഗ്രാം എന്നിങ്ങനെ വ്യത്യസ്ത തൂക്കത്തിലുള്ള സ്വര്‍ണ്ണ ലോക്കറ്റുകളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തര്‍ക്കായി ഒരുക്കിയിരിക്കുന്നത്. രണ്ട് ഗ്രാം സ്വര്‍ണത്തിലുള്ള ലോക്കറ്റിന് 19,300/ രൂപയും നാല് ഗ്രാം സ്വര്‍ണ ലോക്കറ്റിന് 38,600/ രൂപയും, 8 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണ ലോക്കറ്റ് 77,200/ രൂപയുമാണ് നിരക്ക്.