അക്രമരാഷ്ട്രീയത്തിനും ഗാന്ധിനിന്ദയ്ക്കുമെതിരെ 21ന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ഉപവാസ സമരം നടത്തും; മഹാത്മാഗാന്ധിയുടെ ഛായാചിത്രം പോലും കണ്ടാല്‍ പോലും സിപിഎമ്മിന് അസഹിഷ്ണുതയെന്ന് മാര്‍ട്ടിന്‍ ജോര്‍ജ്
സിപിഎമ്മിന് അസഹിഷ്ണുതയെന്ന് മാര്‍ട്ടിന്‍ ജോര്‍ജ്
കണ്ണൂര്‍: സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനും ഗാന്ധിനിന്ദയ്ക്കുമെതിരെ 21ന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറിനു മുന്നില്‍ ഉപവാസ സമരം നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജിന്‍ മോഹനനും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മഹാത്മാഗാന്ധിയുടെ ഛായാചിത്രം പോലും കണ്ടാല്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്ന ആര്‍എസ്എസുകാരെക്കാളും അന്ധതയുള്ളവരാണ് സിപിഎമ്മുകാരെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിനിന്ദ കോണ്‍ഗ്രസ് നോക്കി നില്‍ക്കില്ല. ശക്തമായി പ്രതികരിക്കുമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.
21 ന് ബുധനാഴ്ച രാവിലെ 9 മുതല്‍ വൈകീട്ട് 5 മണി വരെ സ്റ്റേഡിയം കോര്‍ണറില്‍ ഡിസിസി പ്രസിഡന്റ്് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വിജിന്‍ മോഹനനും ഉപവാസ സമരം അനുഷ്ഠിക്കും . മലപ്പട്ടത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ അക്രമം അഴിച്ച് വിടുകയും ഗാന്ധിസ്മാരക സ്തൂപം തകര്‍ക്കുകയും ചെയ്തതിനാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ യോഗം സംഘടിപ്പിച്ചത്. അന്നും സിപിഎമ്മുകാര്‍ സംഘടിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം അഴിച്ച് വിട്ടിരുന്നു. സിപിഎമ്മുകാര്‍ യൂത്ത് കോണ്‍ഗ്രസുകാരെ അക്രമിക്കുമ്പോള്‍ പോലീസ് കാഴ്ചക്കാരെ പോലെ നോക്കി നില്‍ക്കുകയായിരുന്നു.
സിപിഎമ്മുകാരുടെ അക്രമത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നയിച്ച ജനാധിപത്യ അതിജീവനയാത്രക്ക് നേരെ കുപ്പിയും കല്ലും എറിഞ്ഞ് അലങ്കോലപ്പെടുത്താനുള്ള ഗൂഢ നീക്കത്തിന് പോലീസ് ഒത്താശ ചെയ്തു കൊടുക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ അക്രമം അഴിച്ച് വിട്ടപ്പോള്‍ അനങ്ങാതിരുന്ന പോലീസ് സിപിഎമ്മുകാരുടെ അടിമകളെ പോലെ പെരുമാറുകയായിരുന്നുവെന്നും മാര്‍ട്ടിന്‍ പറഞ്ഞു.
സിപിഎമ്മുകാര്‍ തകര്‍ത്ത പ്രതിമ പുനര്‍നിര്‍മ്മിക്കുന്ന അവസരത്തിലും പ്രതിമ തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് കമ്മീഷണറുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഒന്നുമില്ലെന്നായിരുന്നു കമ്മീഷണറുടെ മറുപടി. ഇതേകുറിച്ച് തനിക്ക് ഒരു റിപ്പോര്‍ട്ടും ലഭിച്ചില്ലെന്ന് കമ്മീഷണര്‍ പറയുകയുണ്ടായി. താഴെ തട്ടിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സംഭവത്തിന്റെ നിജസ്ഥിതി അറിയിക്കാന്‍ പോലും തയ്യാറായില്ല. കേരളത്തിലെ പോലീസ് ഇത്രമാത്രം തരം താണുപോയതില്‍ ദു:ഖമുണ്ടെന്നും മാര്‍ട്ടിന്‍ പറഞ്ഞു.
സിപിഎം ഓഫീസിന് നേരെ കല്ലെറിഞ്ഞുവെന്ന ആരോപണം ശരിയല്ല. സിപിഎമ്മുകാരാണ് അക്രമം നടത്തിയത്. പാര്‍ട്ടി ഓഫീസിന് നേരെ കല്ലെറിഞ്ഞുവെന്നും ഗ്ലാസിന്റെ ചില്ല് പൊട്ടി പാര്‍ട്ടി ഓഫീസിനകത്ത് വീണു എന്നും അവര്‍ ആരോപിക്കുകയുണ്ടായി. ഓഫീസിനകത്ത് വീണ കല്ലുകള്‍ കണ്ടാല്‍ അറിയാം ജനലിലെ പൊട്ടല്‍ കണ്ടാല്‍ കല്ല് ആ വഴി വീണതല്ല എന്ന്. മുമ്പ് മലപ്പട്ടത്ത് കോണ്‍ഗ്രസ് ഓഫീസിനു നേരെ കരി ഓയിലൊഴിച്ചപ്പോള്‍ അതില്‍ പങ്കില്ലെന്നാണ് സിപിഎം പറഞ്ഞത്. പിന്നീട് സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തു വരികയും സിപിഎമ്മിന്റെ സജീവപ്രവര്‍ത്തകരായ മൂന്നു പേര്‍ അറസ്റ്റിലാവുകയും ചെയ്തു. നുണ പ്രചരണം നടത്താന്‍ യാതൊരു മടിയും സിപിഎമ്മിനില്ലെന്ന് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.