സംസ്ഥാനത്ത് ഭരണനിര്‍വഹണരംഗം നന്നായി മുന്നോട്ട് പോകുന്നു; നാടിന്റെ വികസനത്തിന് വേഗത്തിലുള്ള തീരുമാനങ്ങള്‍ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി

Update: 2025-05-15 13:40 GMT

തിരുവനന്തപുരം: നാടിന്റെ സമഗ്ര വികസനത്തിന് ഭരണനിര്‍വഹണത്തില്‍ വേഗത്തിലുള്ള തീരുമാനങ്ങള്‍ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ പുരോഗമിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക, ഭരണപരമോ സാങ്കേതികമോ ആയ തടസങ്ങള്‍ നേരിടുന്നവയ്ക്ക് പരിഹാരം കാണുക എന്നീ ലക്ഷ്യത്തോടെ തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച മേഖലാതല അവലോകന യോഗത്തില്‍ ആമുഖ പ്രസംഗം നടത്തുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാന സര്‍ക്കാറിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്.

സംസ്ഥാനത്ത് ഭരണനിര്‍വഹണരംഗം നന്നായി മുന്നോട്ട് പോകുന്നു എന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ഉദ്യോഗസ്ഥരുടെ പങ്കാളിത്തവും സമര്‍പ്പണവും ശ്രദ്ധേയമാണ്. കേരളത്തില്‍ ചിലത് നടക്കില്ല എന്ന മുന്‍ധാരണ മാറുകയും പോസിറ്റിവായ ഇടപെടല്‍ എല്ലാ ഭാഗങ്ങളിലും ഉണ്ടാവുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായ നടക്കില്ല എന്ന് കരുതിയ പദ്ധതികള്‍ സംസ്ഥാനം പ്രാവര്‍ത്തികമാക്കി. ഭരണത്തിന്റെ സ്വാദ് ശരിയായ രീതിയില്‍ ജനങ്ങളിലെത്തണം എന്നതാണ് സര്‍ക്കാര്‍ നയം. സാധാരണ സര്‍ക്കാര്‍ മുറ പോലെ എന്ന പ്രയോഗവും കാലതാമസം സൂചിപ്പിക്കുന്ന ചുവപ്പുനാട പ്രശ്നവും പൂര്‍ണമായും ഇല്ലാതാക്കുന്നതില്‍ എത്ര മാറ്റം ഉണ്ടാക്കാന്‍ കഴിയുന്നു എന്നതാണ് യഥാര്‍ഥ വിജയം.

അപേക്ഷകളുടെ പിന്നാലെ സഞ്ചരിക്കാതെ കാര്യങ്ങള്‍ എളുപ്പത്തില്‍ സാധിക്കാന്‍ കഴിയുന്ന രീതിയില്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ വ്യാപകമാക്കിയത് ഗുണപരമായ മാറ്റമുണ്ടാക്കി. ഡിജിറ്റല്‍ സേവനങ്ങളടക്കം വ്യാപകമാക്കി ജനങ്ങളുടെ അപേക്ഷകളിലും ആവശ്യങ്ങളിലും വേഗത്തില്‍ തീരുമാനമെടുക്കുന്ന രീതി പൂര്‍ണതയിലെത്തിക്കണം. ആവശ്യങ്ങളുമായി വിവിധ വകുപ്പുകളിലോ സ്ഥാപനങ്ങളിലോ എത്തുന്ന ജനങ്ങള്‍ ദയ അര്‍ഹിക്കുന്നവരെന്ന രീതിയില്‍ കാണാന്‍ പാടില്ല. ഭരിക്കപ്പെടുന്നു എന്ന ധാരണ ഒഴിവാക്കി ജനങ്ങളുടെ അവകാശമായ സേവനം കൃത്യമായി ലഭ്യമാക്കാന്‍ കഴിയണം.

ജില്ലാതല പ്രശ്നങ്ങള്‍, വിവിധ വകുപ്പുകള്‍ പരിഹാരം കാണാന്‍ കാത്തു നില്‍ക്കുന്ന പ്രശ്നങ്ങള്‍, സംസ്ഥാനതലത്തില്‍ തീരുമാനമെടുക്കേണ്ടത്, പരസ്പരം ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കേണ്ട വിഷയങ്ങള്‍ എന്നിവ ഈ മേഖലാതല അവലോകന യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഫയലുകളുടെ കാര്യത്തില്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ മന്ത്രിമാര്‍ നടത്തിയ താലൂക്ക്തല അദാലത്ത്, നിയോജക മണ്ഡലങ്ങളില്‍ നടത്തിയ നവകേരള സദസ്സ്, എം എല്‍ എ മാരുമായി നടത്തിയ ജില്ലാതല കൂടിക്കാഴ്ച എന്നിവ നല്ല ഫലം സൃഷ്ടിച്ചു. ഇവയുടെ തുടര്‍നടപടികള്‍ വേഗത്തില്‍ സ്വീകരിച്ചു വരികയാണ്. സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരണവും സേവനങ്ങളും സുതാര്യമായി ജനങ്ങളിലേക്കെത്തിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജിതമായി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ കെ രാജന്‍, കെ കൃഷ്ണന്‍കുട്ടി, കെ ബി ഗണേഷ് കുമാര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, റോഷി അഗസ്റ്റിന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, വി എന്‍ വാസവന്‍, സജി ചെറിയാന്‍, പി എ മുഹമ്മദ് റിയാസ്, വി ശിവന്‍കുട്ടി, എം ബി രാജേഷ് , ഡോ. ആര്‍ ബിന്ദു, ജി ആര്‍ അനില്‍, പി പ്രസാദ്, വീണാ ജോര്‍ജ്, ജെ ചിഞ്ചുറാണി, ഒ ആര്‍ കേളു, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, വകുപ്പ് സെക്രട്ടറിമാര്‍, വകുപ്പ് തല മേധാവികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Similar News