പത്തനംതിട്ട നിലയ്ക്കല്‍ ആശുപത്രി നിര്‍മാണം ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആംഭിക്കും; സമയ ബന്ധിതമായ വികസന കുതിപ്പിന് വേഗത നല്‍കി മേഖലാതല അവലോകന യോഗം

Update: 2025-05-15 13:45 GMT

തിരുവനന്തപുരം: സാങ്കേതിക പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കി വികസനപദ്ധതികള്‍ക്ക് വേഗവും ദിശബോധവും പകര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും നേതൃത്വത്തിലുള്ള തിരുവനന്തപുരം മേഖലാ അവലോകന യോഗം. കൂടുതല്‍ വേഗത്തിലും മികവോടെയും വികസന, ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള ഇടപെടലും നിര്‍ദേശങ്ങളുമാണ് യോഗം നല്‍കിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വികസന വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തുന്നതിനായാണ് തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മേഖലാ അവലോകന യോഗം സംഘടിപ്പിച്ചത്. ഇനിയും പൂര്‍ത്തികരിക്കേണ്ട പദ്ധതികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും നിലവില്‍ പുരോഗമിക്കുന്ന വികസന-ക്ഷേമ പദ്ധതികളുടെ വേഗം കൂട്ടാനും ആവശ്യമായ തീരുമാനങ്ങളും നടപടികളുമാണ് യോഗത്തിലുണ്ടായത്. അതോടൊപ്പം ജില്ലയുടെ വിവിധ മേഖലകളിലെ പൊതുവായ വികസന പുരോഗതിയും വിലയിരുത്തി. യോഗത്തില്‍ വകുപ്പ് സെക്രട്ടറിമാര്‍ പദ്ധതി നിര്‍വഹണത്തിലെ പുരോഗതി വിശദീകരിച്ചു.

ജില്ലയിലെ 20 പ്രധാനപ്പെട്ട വിഷയങ്ങള്‍ യോഗത്തില്‍ ജില്ലാ കളക്ടര്‍മാര്‍ അവതരിപ്പിക്കുകയും വകുപ്പ് സെക്രട്ടറിമാര്‍ തുടര്‍ നടപടികള്‍ വിശദീകരിക്കുകയും ചെയ്തു. മുതലപ്പൊഴിയില്‍ മല്‍സ്യബന്ധന യാനങ്ങളുടെ സഞ്ചാരം സുഗമമാക്കുന്നതിന് പൊഴി പൂര്‍ണമായും മുറിക്കുന്നതിനാവശ്യമായ നടപടികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് യോഗത്തില്‍ നിര്‍ദേശം നല്‍കി. രാജാജി നഗര്‍ പുനരധിവാധ പദ്ധതിയിലുള്‍പ്പെട്ടവര്‍ക്ക് നടപ്പിലാക്കുന്ന സാമൂഹിക ഭവന സമുച്ചയ നിര്‍മാണം എത്രയും വേഗം പൂര്‍ത്തീകരിക്കണം. തിരുവനന്തപുരം ഔട്ടര്‍ റിംഗ്-റോഡ് എന്‍ എച്ച് 866 ഭൂമി ഏറ്റെടുക്കലിന്റെ നഷ്ട പരിഹാര വിതരണം പൂര്‍ത്തിയാക്കുന്നതിനുള്ള പരിസ്ഥിതി ക്ലിയറന്‍സ് ലഭ്യമാക്കല്‍, കന്യാകുമാരിയിലേക്കുള്ള പാതയെന്ന നിലയില്‍ പ്രാധാന്യമുള്ള ബാലരാമപുരം- വഴിമുക്ക് റോഡ് നിര്‍മാണം പൂര്‍ത്തീകരണത്തിനുള്ള ധനകാര്യ വകുപ്പ് അനുമതി എന്നിവ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പരമാവധി വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പാര്‍വതി പുത്തനാറില്‍ മാംസാവശിഷ്ടം നിക്ഷേപിക്കാതിരിക്കുന്നതിന് ഉയര്‍ന്ന കമ്പി വേലികള്‍ കെട്ടുന്നതിന് തിരുവനന്തപുരം കോര്‍പ്പറേഷനുമായി സഹകരിച്ച് പദ്ധതി ആവിഷ്‌ക്കരിക്കും. ദേശീയ പാതാ അതോറിറ്റിയുമായി സഹകരിച്ച് ദേശീയ പാതയുമായി ബന്ധപ്പെട്ട് കിടക്കുന്ന സംസ്ഥാന പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ട നടപടികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പത്തനംതിട്ട നിലയ്ക്കല്‍ ആശുപത്രി നിര്‍മാണം ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആംഭിക്കുന്നതിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. അബാന്‍ ഫ്‌ളൈഓവര്‍ നിര്‍മാണം, പ്ലാപ്പള്ളി അച്ചന്‍കോവില്‍ റോഡ് വനഭൂമി ലഭ്യമാക്കല്‍, അച്ചന്‍കോവില്‍ ചിറ്റാര്‍ റോഡിനു സമീപം അച്ചന്‍കോവില്‍ ധര്‍മ്മശാസ്ത ക്ഷേത്രത്തില്‍ നിന്നും ഒന്‍പത് കി.മീ ഉള്‍വനത്തിലെ ആവണിപ്പാറ പട്ടികവര്‍ഗ സെറ്റില്‍മെന്റില്‍ പാലം നിര്‍മാണത്തിനുള്ള അനുമതി, വടശേരിക്കര പാലം നിര്‍മാണം, കോതേക്കാട്ട് പാലം, ശ്രീ വല്ലഭ ക്ഷേത്രം തെക്കേനട പാലം, ഗണപതിപുരം പാലം, പുല്ലംപ്ലാവില്‍കടവ് പാലം, കാറ്റോഡ് പാലം നിര്‍മാണം, നിലക്കല്‍ ആശുപത്രി നിര്‍മാണം, റാന്നി താലൂക്ക് ആശുപത്രി നിര്‍മാണം, മല്ലപ്പള്ളി താലൂക്ക് ആശുപത്രി, അടൂര്‍ ജനറല്‍ ആശുപത്രി സ്ഥലപരിമിതി പരിഹരിക്കല്‍, പമ്പ റിവര്‍ വാലി ടൂറിസം പദ്ധതി, റാന്നി നോളഡ്ജ് വില്ലേജ് പദ്ധതി നിര്‍മാണം, അടൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, പമ്പ, അച്ചന്‍കോവില്‍, മണിമല എന്നീ നദികളിലും കൈവഴികളിലുമായി അടിഞ്ഞുകൂടിയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യല്‍, എഫ്. എസ്. ടി. പി കൊടുമണ്‍ പ്ലാന്റേഷന്‍, എന്‍ ഊര് പൈതൃക ഗ്രാമം പദ്ധതി, സുബല പാര്‍ക്കിന്റെ പുനരുദ്ധാരണം, ജി.എച്ച്.എസ്.എസ് ചിറ്റാര്‍ ഓഡിറ്റോറിയം നിര്‍മാണം, കേരള കപ്പാസിറ്റേഴ്‌സ് എന്‍ജിനിയറിങ് ടെക്‌നിഷ്യന്‍സ് വ്യവസായ സഹകരണ സംഘത്തിലെ സൊസൈറ്റി പ്രവര്‍ത്തിച്ചിരുന്ന സ്ഥലം വ്യാവസായിക ആവശ്യത്തിന് ഏറ്റെടുക്കുന്നത് സംബന്ധിച്ച വിഷയം, പമ്പ നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ റവന്യു ഹൗസ് സ്ഥാപിക്കുന്നത് സംബന്ധിച്ച വിഷയം, വനഭൂമി പട്ടയം സംബന്ധിച്ച വിഷയം തുടങ്ങിയവയിലെ പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി. കൊല്ലം ചവറ കെ എം എം എല്‍ പരിസരത്തെ ഭൂമിയുടെ ഏറ്റെടുക്കലില്‍ നടപടിക്രമങ്ങള്‍ വേഗം പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ശാസ്താംകോട്ട സിവില്‍ സ്റ്റേഷന്‍ നിര്‍മാണത്തില്‍ നിലവിലെ ഭരണാനുമതി പ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കും.

കൊല്ലം ജില്ലയില്‍ വാതില്‍പ്പടി കളക്ഷന്‍ 100 ശതമാനം കൈവരിച്ചത് അഭിനന്ദനാര്‍ഹമാണെന്നും മറ്റു ജില്ലകള്‍ ഈ നേട്ടം മാതൃകയാക്കേണ്ടതാണെന്നും യോഗം വിലയിരുത്തി. കാഞ്ഞിരത്തുംക്കടവ് പാലം പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍, ശാസ്താംകോട്ട മിനി സിവില്‍ സ്റ്റേഷന്‍ പൂര്‍ത്തീകരണം, ദേശീയപാത 66ന്റെ നിര്‍മ്മാണത്തിനായി വെട്ടുതറയില്‍ സ്ഥലമേറ്റെടുപ്പും അടിപ്പാത നിര്‍മ്മാണവും, ചിറ്റുമൂല മേല്‍പാലം നിര്‍മ്മാണത്തിനുള്ള സാങ്കേതിക അനുമതി, മുണ്ടയ്ക്കല്‍ കൊണ്ടത്തു പാലം നവീകരണം, മന്ദഗതിയിലായ പെരുമണ്‍ പാലം നിര്‍മ്മാണം, ആവണീശ്വരം റെയില്‍വേ സ്റ്റേഷന്‍ കൊട്ടാവട്ടം മുക്ക് സ്‌കൂള്‍ റോഡ് നിര്‍മ്മാണം, ജില്ലയിലെ വിവിധ സമഗ്ര കുടിവെള്ള പദ്ധതികള്‍ക്കായി കല്ലടയാറില്‍ തടയണ നിര്‍മ്മാണം, ജലജീവന്‍ മിഷന്‍ പദ്ധതിക്കായി സ്വകാര്യ ഭൂമി ഏറ്റെടുക്കല്‍, ചിറക്കര ലിഫ്റ്റ് ഇറിഗേഷന്‍, പരവൂര്‍ ഡിസ്ട്രിബ്യൂട്ടറിയുടെ പൂര്‍ത്തീകരണം, ശാസ്താംകോട്ട താലൂക്ക് ആശൂപത്രി വികസനം, നീണ്ടകര താലൂക്ക് ആശൂപത്രി നവീകരണം, നെടുമ്പന പഞ്ചായത്തിലെ വടക്കേക്കര പാലം നിര്‍മ്മാണം, കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണം, ഒലയരിക് വെള്ളച്ചാട്ട വിനോദ സംരക്ഷണ പദ്ധതി, തഴവ ഗവ: കോളേജിന് സ്വന്തമായി കെട്ടിടം, കൊല്ലം കെ.എസ്.ആര്‍.ടി.സി. ഡിപ്പോ നവീകരണം, വാളത്തുങ്കല്‍ ഗവ: ബോയ്സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പുതിയ കെട്ടിട നിര്‍മ്മാണം, പത്തനാപുരം മിനി സിവില്‍ സ്റ്റേഷന്റെയും കോടതി സമുച്ചയത്തിന്റെയും നിര്‍മ്മാണം തുടങ്ങി വിവിധ വിഷയങ്ങളിലെ തുടര്‍നടപടി മുഖ്യമന്ത്രി വിലയിരുത്തി.

മന്ത്രിമാരായ കെ രാജന്‍, കെ കൃഷ്ണന്‍കുട്ടി, കെ ബി ഗണേഷ് കുമാര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, റോഷി അഗസ്റ്റിന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, വി എന്‍ വാസവന്‍, സജി ചെറിയാന്‍, പി എ മുഹമ്മദ് റിയാസ്, വി ശിവന്‍കുട്ടി, എം ബി രാജേഷ് , ഡോ. ആര്‍ ബിന്ദു, ജി ആര്‍ അനില്‍, പി പ്രസാദ്, വീണാ ജോര്‍ജ്, ജെ ചിഞ്ചുറാണി, ഒ ആര്‍ കേളു, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, വകുപ്പ് സെക്രട്ടറിമാര്‍, വകുപ്പ് തല മേധാവികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Similar News