സ്‌കൂള്‍ ബസ് ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; ബസ് ഒതുക്കി നിര്‍ത്തിയതിന് പിന്നാലെ ഡ്രൈവര്‍ കുഴഞ്ഞു വീണു: കുഞ്ഞുങ്ങളെ സുരക്ഷിതരാക്കിയതിന് പിന്നാലെ മരണം
സ്‌കൂൾബസ് ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം, ബസ് ഒതുക്കി നിര്‍ത്തിയതിന് പിന്നാലെ മരണം
തൃശ്ശൂര്‍: സ്‌കൂള്‍ ബസ് ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞ് വീണ ഡ്രൈവര്‍ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ മരിച്ചു. തിരക്കേറിയ വഴിയില്‍ സ്‌കൂള്‍ ബസ് ഓടിക്കുന്നതിനിടെയാണ് സംഭവം. വേദനയ്ക്കിടയിലും റോഡരികിലേക്ക് ബസ് സുരക്ഷിതമായി ഒതുക്കിനിര്‍ത്തിയതിന് പിന്നാലെയാണ് അദ്ദേഹം കുഴഞ്ഞുവീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുരുവിലശ്ശേരി മാരിക്കല്‍ കരിപാത്ര സഹദേവ(64)നാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. പൂപ്പത്തി സരസ്വതിവിദ്യാലയത്തിലെ വിദ്യാര്‍ഥികളെയും കയറ്റി കുട്ടികളുടെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് മാള-അന്നമനട റോഡിലൂടെയുള്ള യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വാഹനം മേലഡൂരിലെ പെട്രോള്‍ പമ്പിനടുത്ത് നിര്‍ത്തിയതിന് പിന്നാലെ കുഴഞ്ഞ് വീണു.
വാഹനത്തില്‍ അപ്പോള്‍ ഒമ്പത് വിദ്യാര്‍ഥികളും സ്‌കൂള്‍ ജീവനക്കാരിയും ഉണ്ടായിരുന്നു. സഹദേവന്‍ കുഴഞ്ഞുവീണപ്പോള്‍ ജീവനക്കാരി വാഹനത്തില്‍നിന്ന് ഇറങ്ങി നാട്ടുകാരുടെ സഹായം അഭ്യര്‍ഥിച്ചു. പെട്രോള്‍ പമ്പിലെ ജീവനക്കാരുമെത്തി അതുവഴി വന്ന കാറിലാണ് അടുത്തുള്ള മാളയിലെ ബിലീവേഴ്‌സ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. രണ്ടുവര്‍ഷമായി സഹദേവന്‍ ഈ സ്‌കൂളില്‍ ഡ്രൈവറായി ജോലിനോക്കുന്നു. ഭാര്യ: രജനി. മക്കള്‍: ശരണ്യ, നികേഷ്. മരുമകന്‍: കൃഷ്ണകുമാര്‍.