സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയാ മുറിയില്‍നിന്ന് മയക്കാനുള്ള മരുന്നുകള്‍ കവര്‍ന്നു: അനസ്തീസ്യ വിഭാഗം ഡോക്ടര്‍മാരുടെ സീലും സ്റ്റാമ്പ് പാഡും മോഷ്ടിച്ചു: കേസെടുത്ത് പോലിസ്
ആശുപത്രിയിലെ ശസ്ത്രക്രിയാമുറിയിൽ നിന്ന് മയക്കാനുള്ള മരുന്നുകൾ കവർന്നു
ആലപ്പുഴ: നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയാമുറിയില്‍നിന്ന് അനസ്തീസ്യ നല്‍കാനുപയോഗിക്കുന്നതുള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ മോഷണം പോയതായി പരാതി. അനസ്തീസ്യ വിഭാഗം ഡോക്ടര്‍മാരുടെ സീല്‍, സ്റ്റാമ്പ് പാഡ് എന്നിവയും മോഷ്ടിച്ചു. ശസ്ത്രക്രിയാമുറിയില്‍ തന്നെയാണ് സീലും സ്റ്റാമ്പ് പാഡും സൂക്ഷിച്ചിരിക്കുന്നത്. മരുന്നുകള്‍ക്കൊപ്പം മോഷ്ടാവ് ഇവയും കൈക്കലാക്കുക ആയിരുന്നു. സംഭവത്തില്‍ ആശുപത്രിയധികൃതരുടെ പരാതിയില്‍ ആലപ്പുഴ നോര്‍ത്ത് പോലീസ് കേസെടുത്തു.
കഴിഞ്ഞ 12-നു വൈകീട്ട് 5.30-നും 14-നു രാവിലെ 7.30-നും ഇടയില്‍ മോഷണം നടന്നതായാണു നിഗമനം. മയക്കുമരുന്ന് ഉപയോഗിക്കുന്നവരോ വില്‍പ്പനക്കാരോ ആകാം സംഭവത്തിനു പിന്നിലെന്നാണു സംശയം. ശസ്ത്രക്രിയയ്ക്കുള്‍പ്പെടെ ഉപയോഗിക്കുന്ന മയക്കുമരുന്ന് വിഭാഗത്തില്‍പ്പെട്ട 14 ആംപ്യൂളുകള്‍, 12 വേദനസംഹാരികള്‍ എന്നിവയാണ് മോഷ്ടിച്ചത്.
ഡോക്ടറുടെ കുറിപ്പോ, സീലോ ഇല്ലാതെ ഇത്തരം മരുന്നുകള്‍ പുറത്തുനിന്ന് വാങ്ങാനാകില്ല. സീല്‍ ദുരുപയോഗിച്ച് മയക്കുമരുന്നു വാങ്ങാനാകാം അവ മോഷ്ടിച്ചതെന്നു സംശയിക്കുന്നു. സെക്യൂരിറ്റിയും സിസിടിവി നിരീക്ഷണവുമുള്‍പ്പെടെയുള്ള ഇടമാണ് ശസ്ത്രക്രിയാമുറി. പുറത്തു നിന്നുള്ളവര്‍ ഉള്ളില്‍ കടന്ന് മോഷണം നടത്തുമോയെന്ന സംശയവുമുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് ചില സൂചനകള്‍ ലഭിച്ചതായി വിവരമുണ്ട്.