ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ ജനങ്ങളുടെ ചെലവില്‍ അധികാരത്തില്‍ തുടരുന്നത് എന്തിന്? കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഗഫൂറിന്റെ കുടുംബത്തിന് ധനസഹായത്തിനൊപ്പം ജോലി കൂടി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ്
കോഴിക്കോട്: മലയോര മേഖലയിലെ ജനങ്ങളെ കൂടുതല്‍ ഭീതിയിലാക്കുന്ന സംഭവമാണ് കാളികാവിലുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ടാപ്പിംഗ് തൊഴിലാളിയും ചോക്കാട് കല്ലാമുല സ്വദേശിയുമായ ഗഫൂറിനാണ് കടുവയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. പ്രദേശത്ത് കടുവയുടേയും പുലിയുടേയും സാന്നിധ്യമുണ്ടെന്നും ദിവസങ്ങള്‍ക്ക് മുന്‍പ് നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും വനവകുപ്പ് ഒരു പ്രതിരോധ നടപടിയും സ്വീകരിക്കാന്‍ തയാറായില്ല. ഗഫൂറിന്റെ മരണത്തോടെ മൂന്ന് കുട്ടികള്‍ ഉള്‍പ്പെട്ട കുടുംബമാണ് അനാഥമായത്. ധനസഹായം മാത്രം നല്‍കിയാല്‍ പോര. ധനസഹായത്തിനൊപ്പം കുടുംബത്തിലെ ഒരാള്‍ക്ക് ജോലി കൂടി നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വന്യമൃഗങ്ങളുടെ ആക്രമണങ്ങളും അതേത്തുടര്‍ന്ന് മനുഷ്യജീവനുകള്‍ നഷ്ടമാകുന്നതും സംസ്ഥാനത്ത് നിത്യസംഭവമായിട്ടും ഒരു നടപടിയും സ്വീകരിക്കാതെ സര്‍ക്കാരും വനംവകുപ്പും ജനങ്ങളെ അവരുടെ വിധിക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് വനംവകുപ്പ് മന്ത്രിയും ഈ സര്‍ക്കാരും ജനങ്ങളുടെ ചെലവില്‍ അധികാരത്തില്‍ തുടരുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.