900 കണ്ടി ടെന്റ് അപകടത്തില്‍ യുവതി മരിച്ച സംഭവം; റിസോര്‍ട്ട് മാനേജരും സൂപ്പര്‍ വൈസറും അറസ്റ്റില്‍: മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസടുത്ത് പോലിസ്

900 കണ്ടി ടെന്‍റ് അപകടം: റിസോർട്ട് നടത്തിപ്പുകാരായ രണ്ടു പേർ അറസ്റ്റിൽ

Update: 2025-05-16 03:01 GMT

കല്‍പ്പറ്റ: വയനാട് മേപ്പാടി 900 കണ്ടിയിലെ റിസോര്‍ട്ടില്‍ ടെന്റ് വീണ് യുവതി മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. 900 കണ്ടിയിലെ എമറാള്‍ഡിന്റെ ടെന്റ് ഗ്രാം എന്ന റിസോര്‍ട്ടിലെ മാനേജര്‍ സ്വച്ഛന്ത് സൂപ്പര്‍വൈസര്‍ അനുരാഗ് എന്നിവരാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും ഈ മാസം 28 വരെ റിമാന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇരുവരെയും ഇന്നലെ പൊലീസ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരു സുരക്ഷയും ഇല്ലാത്ത ടെന്റ് ആണ് തകര്‍ന്ന് വീണതെന്നാണ് വിവരം. ദ്രവിച്ച മരത്തടികള്‍ കൊണ്ട് ഉണ്ടാക്കിയ ടെന്റിലുണ്ടായ അപകടത്തിലാണ് മലപ്പുറം നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മ മരിച്ചത്. വിനോദ സഞ്ചാരകേന്ദ്രമായ 900 കണ്ടിയിലെ വനമേഖലയോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന എമറാള്‍ഡ് 900 വെഞ്ചേഴ്‌സ് എന്ന റിസോര്‍ട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് അപകടം നടന്നത്.

ബുധനാഴ്ച വൈകിട്ട് നാലോടെയാണ് നിഷ്മ അടക്കമുള്ള 16 അംഗ സംഘം റിസോര്‍ട്ടിലെത്തിയത്. കോഴിക്കോട്, മലപ്പുറം സ്വദേശികളായ ഇവര്‍ കോഴിക്കോട്ടെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരാണ്. പുല്ലു കൊണ്ടു മേഞ്ഞ മേല്‍ക്കൂരയ്ക്കു കീഴില്‍ സ്ഥാപിച്ചിരുന്ന 8 ടെന്റുകളിലായാണ് ഇവര്‍ താമസിച്ചിരുന്നത്. ഇതില്‍ 3 പെണ്‍കുട്ടികള്‍ താമസിച്ചിരുന്ന ടെന്റാണ് തകര്‍ന്നു വീണത്. പുല്ലു കൊണ്ടു മേഞ്ഞ മേല്‍ക്കൂരയ്ക്കു താങ്ങായി നല്‍കിയിരുന്ന മരത്തടികള്‍ ദ്രവിച്ച നിലയായിരുന്നു. ഈ മരത്തടികള്‍ അടക്കം നിഷ്മ കിടന്നിരുന്ന ടെന്റിനു മുകളിലേക്ക് വീഴുകയായിരുന്നു.

Tags:    

Similar News