ട്രെയിനില്‍ യുവതിയുടെ ഫോട്ടോ എടുത്തു; സൂം ചെയ്ത് നോക്കുന്നതിനിടെ ഭര്‍ത്താവിന്റെ കണ്ണില്‍പ്പെട്ടു: സര്‍ക്കാര്‍ ജീവനക്കാരന്‍ പിടിയില്‍
തീവണ്ടിയിൽ യുവതിയുടെ ഫോട്ടോയെടുത്ത സർക്കാർ ജീവനക്കാരൻ പിടിയിൽ
കണ്ണൂര്‍: തീവണ്ടിയില്‍ യുവതിയുടെ ഫോട്ടോയെടുടുത്ത യാത്രക്കാരനെ ആദ്യം യുവതിയുടെ ഭര്‍ത്താവ് പൊക്കി. പിന്നീട് പോലീസും. വ്യാഴാഴ്ച രാവിലെ 9.30-ന് മംഗളൂരു-താംബരം (16160) എക്സ്പ്രസിലായിരുന്നു സംഭവം. ജീവനക്കാരനെതിരേ റെയില്‍വേ പോലീസ് സ്വമേധയാ കേസെടുത്തു.
പോലീസ് പറയുന്നതിങ്ങനെ: പയ്യന്നൂരില്‍നിന്ന് നവദമ്പതിമാര്‍ എസ്-10 കോച്ചില്‍ കയറി. ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കാണ് പോകുന്നത്. കുറ്റിപ്പുറത്തേക്കാണ് ടിക്കറ്റെടുത്തത്. വണ്ടി പഴയങ്ങാടി എത്തിയപ്പോള്‍ സീസണ്‍ ടിക്കറ്റടുത്ത ഒരു യാത്രക്കാരന്‍ അവര്‍ ഇരുന്ന സീറ്റിന് എതിര്‍വശത്തെ ബെര്‍ത്തില്‍ ഇരുന്നു. വണ്ടി കണ്ണൂരെത്തുമ്പോള്‍ അയാള്‍ യുവതിയുടെ ഫോട്ടോ എടുക്കാന്‍ തുടങ്ങി. കുറേപ്രാവശ്യം ഫോട്ടോ എടുത്ത് സൂം ചെയ്ത് നോക്കികൊണ്ടിരിക്കുമ്പോള്‍ ഭര്‍ത്താവ് കണ്ടു. ചോദ്യം ചെയ്തു. അതിനിടയില്‍ സഹയാത്രികരും ഇടപെട്ടു. അടിയും പിടിവലിയുമായി.
വിഷയം പോലീസിനെ അറിയിച്ചു. വണ്ടി കണ്ണൂരില്‍നിന്ന് പുറപ്പെട്ടത് കാരണം ആര്‍പിഎഫ് അധികൃതര്‍ തലശ്ശേരിയില്‍ ആളെ ഇറക്കി. കൊയിലാണ്ടിയില്‍ ഇറങ്ങേണ്ട സര്‍ക്കാര്‍ ജീവനക്കാരനായിരുന്നു. നവദമ്പതിമാര്‍ പരാതി നല്‍കാഞ്ഞതിനാല്‍ റെയില്‍വേ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ജീവനക്കാരന്‍ ഫോണില്‍നിന്ന് ഫോട്ടോ ഡിലീറ്റ് ചെയ്തു. ഇയാളെ സ്വന്തം ജാമ്യത്തില്‍ വിട്ടു.