ചാലക്കുടിയിലെ കൂടപ്പുഴയില്‍ തെരുവുനായ ആക്രമണം; കുട്ടികളും മുതിര്‍ന്നവരും അടക്കം 12 പേര്‍ക്ക് നായയുടെ കടിയേറ്റു: പരിഭ്രാന്തരായ നാട്ടുകാര്‍ നായയെ തല്ലിക്കൊന്നു
ചാലക്കുടിയിലെ കൂടപ്പുഴയില്‍ തെരുവുനായ ആക്രമണം; 12 പേര്‍ക്ക് നായയുടെ കടിയേറ്റു
ചാലക്കുടി: കൂടപ്പുഴയില്‍ തെരുവു നായയുടെ ആക്രമണത്തില്‍ കുട്ടികളും മുതിര്‍ന്നവരും അടക്കം 12 പേര്‍ക്കു പരുക്കേറ്റു. നായയുടെ ആക്രമണത്തിനിരയായവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. പരിഭ്രാന്തരായ നാട്ടുകാര്‍ നായയെ തല്ലിക്കൊന്നു. പേ വിഷബാധ ഉണ്ടോ ന്നെ് അറിയാന്‍ ചത്ത നായയെ പോസ്റ്റ്‌മോര്‍ട്ടം നടത്തും. വെള്ളിയാഴ്ച ഉച്ചയ്ക്കും വൈകിട്ട് 5.30ഓടെയുമാണു നായയുടെ ആക്രമണമുണ്ടായത്. കയ്യിലും കാലിലും മറ്റു ശരീര ഭാഗങ്ങളും നായ കടിച്ച് കുടഞ്ഞു. നായ ഒട്ടേറെ പേരെ ഓടിച്ചിട്ടു കടിച്ചു. പലര്‍ക്കും നേരെ അപ്രതീക്ഷിതമായി ചാടി വീണു. സ്ത്രീകളും കുട്ടികളും ഉള്‍പെടെ പലരും ഓടി രക്ഷപ്പെട്ടു.
കൂടപ്പുഴ ക്ഷേത്രം, ജനത റോഡ്, ലൂസിയ ഹോട്ടല്‍ ബൈ റോഡ്, സെന്റ് ജോസഫ്സ് കപ്പേള റോഡ്, അശോക് നഗര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍, പവര്‍ഹൗസ് റോഡ് എന്നിവിടങ്ങളിലായിരുന്നു നായയുടെ ആക്രമണം. പരുക്കേറ്റവര്‍ താലൂക്ക് ആശുപത്രിയിലും തൃശൂര്‍ മെഡിക്കല്‍ കോളജിലും ചികിത്സ തേടി. എലിഞ്ഞിപ്ര പല്ലിശേരി ഡേവിസ് (62), ചാലക്കുടി വടക്കന്‍ ഏയ്ബന്‍ ബിജോ (13), മാതിരപ്പിള്ളി ജോയല്‍ സോജന്‍ (17), വെട്ടുകടവ് കൈതവളപ്പില്‍ ശ്രുതിന്‍ (20), മേലൂര്‍ പള്ളിപ്പുറം സീന ജോസഫ്, ജീവന്‍, വെട്ടുകടവ് ചിറമല്‍ ജോബി, ചാലക്കുടി തെക്കേപ്പറമ്പില്‍ വീട്ടില്‍ അഭിനവ് (13), ചാലക്കുടി പുല്ലൂപ്പറമ്പില്‍ വീട്ടില്‍ ലിജി ബെന്നി, ജലജ, ചാലക്കുടി കാട്ടുപറമ്പില്‍ കെ.എസ്.നന്ദിത എന്നിവരാണു ചികിത്സയിലുള്ളത്.
നായയുടെ ആക്രമണത്തെ കുറിച്ച് വാര്‍ഡ് ഗ്രൂപ്പുകളില്‍ അറിയിപ്പ് എത്തിയതോടെ പലരും അകത്തു കയറി വീടുകള്‍ പൂട്ടി. നഗരസഭാ പ്രദേശത്ത് ഒരു മാസത്തിനിടെ നാലാമത്തെ തവണയാണു തെരുവു നായ ആക്രമണമുണ്ടാകുന്നത്. മുന്‍പ് 3 നായ്ക്കള്‍ക്കു പേവിഷ ബാധ ഉണ്ടെന്നു സ്ഥിരീകരിച്ചിരുന്നു. 30ലധികം പേരെയാണു പല ദിവസങ്ങളിലായി നായ ആക്രമിച്ചത്.
തെരുവ് നായ ശല്യം അതിരൂക്ഷമായിട്ടും നഗരസഭുടെ ഭാഗത്തു നിന്നു കാര്യക്ഷമമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് ആരോപിച്ച് ശനിയാഴ്ച 10നു നഗരസഭാ ഓഫിസിലേക്ക് എല്‍ഡിഎഫ് പ്രതിഷേധ മാര്‍ച്ച് നടത്തും. മാര്‍ക്കറ്റിലും പരിസരങ്ങളിലും തെരുവു നായകള്‍ കൂട്ടമായി തമ്പടിക്കുകയും മാര്‍ക്കറ്റിലെത്തുന്നവരില്‍ പലരും ആക്രമണം നേരിടുകയും ചെയ്തിട്ടും നായശല്യം ഒഴിവാക്കാന്‍ നഗരസഭ നടപടിയെടുക്കാത്തതു ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് എല്‍ഡിഎഫിന്റെ ആരോപണം.