അമ്മയുടെ സുഹൃത്ത് രണ്ടു വര്‍ഷത്തോളം കുട്ടികളെ പീഡിപ്പിച്ചു; സുഹൃത്തുക്കളെ കൊണ്ടു വരാനും ആവശ്യപ്പെട്ടു; കുറുപ്പംപടി പീഡനത്തില്‍ കുറ്റപത്രം
കൊച്ചി: പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ രണ്ട് കുറ്റപത്രങ്ങളാണ് പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അമ്മയുടെ ആണ്‍സുഹൃത്ത് ധനേഷ് രണ്ട് വര്‍ഷത്തോളം കുട്ടികളെ പീഡനത്തിനിരയാക്കിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അമ്മയും ആണ്‍സുഹൃത്തും ചേര്‍ന്ന് കുട്ടികള്‍ക്ക് മദ്യം നല്‍കിയിരുന്നെന്നും കുറ്റപത്രത്തിലുണ്ട്. പത്തും പന്ത്രണ്ടും വയസുള്ള രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ കുട്ടികളുടെ രഹസ്യ മൊഴിയും ക്ലാസ് ടീച്ചര്‍ അടക്കമുള്ളവരുടെ മൊഴികളുമാണ് നിര്‍ണായകമായത്. കേസില്‍ ശാസ്ത്രീയ തെളിവുകളും ലഭിച്ചിട്ടുണ്ട്.
പീഡന വിവരം മറച്ചു വച്ചതിന് അമ്മയ്‌ക്കെതിരെ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മൂന്നുമാസമായി അമ്മയ്ക്ക് പീഡനത്തെ കുറിച്ച് അറിയാമായിരുന്നുവെന്ന് ധനേഷും മൊഴി നല്‍കിയിരുന്നു. കുട്ടികള്‍ സഹപാഠികള്‍ക്ക് എഴുതിയ കത്തിലൂടെയാണ് പീഡന വിവരം പുറത്തുവന്നത്. കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന സൗഹൃദം മുതലെടുത്താണ് ധനേഷ് കുട്ടികളെ പീഡനത്തിന് ഇരയാക്കിയത്.
പെണ്‍കുട്ടികളുടെ സുഹൃത്തുക്കളെയും ദുരുപയോഗം ചെയ്യാനുള്ള പ്രതിയുടെ ശ്രമമാണ് പീഡന വിവരം പുറത്തറിയാന്‍ കാരണമായത്. മൂന്നു വര്‍ഷം മുമ്പ് പെണ്‍കുട്ടികളുടെ പിതാവ് മരിച്ചിരുന്നു. നിലവില്‍ പെണ്‍കുട്ടികളെ ശിശുക്ഷേമ സമിതിയുടെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.