കോട്ടയ്ക്കലില്‍ നിയന്ത്രണംവിട്ട ലോറി കാറുകളിലും ബൈക്കുകളിലും ഇടിച്ച് പാടത്തേക്ക് കൂപ്പുകുത്തി; 10 പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

കോട്ടയ്ക്കലില്‍ നിയന്ത്രണംവിട്ട ലോറി കാറുകളിലും ബൈക്കുകളിലും ഇടിച്ച് പാടത്തേക്ക് കൂപ്പുകുത്തി

Update: 2025-05-27 13:50 GMT

കോട്ടയ്ക്കലില്‍ നിയന്ത്രണംവിട്ട ലോറി കാറുകളിലും ബൈക്കുകളിലും ഇടിച്ച് പാടത്തേക്ക് കൂപ്പുകുത്തി; 10 പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരംമലപ്പുറം: കോട്ടയ്ക്കല്‍ പുത്തൂരില്‍ ചരക്ക് ലോറി നിയന്ത്രണംവിട്ട് കാറുകളും ബൈക്കുകളും അടക്കം ഏഴ് വാഹനങ്ങളിലിടിച്ചശേഷം പാടത്തേക്ക് കൂപ്പുകുത്തി. സ്ഥിരം അപകടമേഖലയായ പുത്തൂര്‍ വളവിലാണ് സംഭവം. അപകടത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരാളുടെ നിലഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തില്‍ 11 മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ വിവിധ വാഹനങ്ങളിലെ യാത്രക്കാരായ പത്തുപേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

പൊന്മുണ്ടം സ്വദേശികളായ ഖദീജ(42) മിസ്രിയ(23) ഫസലുല്‍ റഹ്‌മാന്‍(27) ഹാസിന്‍ സയാന്‍(11 മാസം) മഞ്ചേരി തൃപ്പനച്ചി സ്വദേശികളായ ഉണ്ണികൃഷ്ണന്‍(56) ദിലീപ്(40) പ്രജിലേഷ്(45) കരിങ്കപ്പാറ സ്വദേശി അബ്ദുള്‍സലാം(52) പുത്തൂര്‍ സ്വദേശികളായ ബഷീര്‍, റാഷിദ(43) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇതില്‍ പ്രജിലേഷിനാണ് ഗുരുതരമായ പരിക്കേറ്റിട്ടുള്ളത്. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

പെരിന്തല്‍മണ്ണ ഭാഗത്തുനിന്ന് കോട്ടയ്ക്കലിലേക്ക് വരികയായിരുന്ന ചരക്ക് ലോറിയാണ് പീസ് സ്‌കൂളിന് സമീപത്തുവെച്ച് നിയന്ത്രണംവിട്ടത്. തുടര്‍ന്ന് മൂന്ന് കാറുകളിലും നാല് ബൈക്കുകളിലും ഇടിച്ചശേഷം പാടത്തേക്ക് കൂപ്പുകുത്തുകയായിരുന്നു. ലോറി ഇടിച്ചുതെറിപ്പിച്ച വാഹനങ്ങളും പാടത്തേക്ക് മറിഞ്ഞു. അപകടത്തില്‍ ഒരു കാര്‍ പൂര്‍ണമായും തകര്‍ന്നു. ജെസിബി ഉപയോഗിച്ച് കാര്‍ വെട്ടിപ്പൊളിച്ചാണ് ഇതിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്.

Similar News