അപകടത്തില്‍പെട്ട വാഹനം റോഡില്‍നിന്ന് മാറ്റുന്നതിനിടെ ട്രക്ക് ഇടിച്ചു കയറി; മുംബൈയിലുണ്ടായ അപകടത്തില്‍ ആറുപേര്‍ക്ക് ദാരുണാന്ത്യം; ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരം
മുംബൈയിലുണ്ടായ അപകടത്തില്‍ ആറുപേര്‍ക്ക് ദാരുണാന്ത്യം
മുംബൈ: അപകടത്തില്‍പെട്ട വാഹനം റോഡില്‍നിന്ന് മാറ്റുന്നവര്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ടെത്തിയ ട്രക്ക് ഇടിച്ചുകയറി ആറു പേര്‍ മരിച്ചു. ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച രാത്രി 11ന് മുംബൈയിലെ ബീഡ് ഗാഥി ഗ്രാമത്തിനു സമീപം ദേശീയപാതയിലാണ് സംഭവം. പാലത്തിലെ ഡിവൈഡറില്‍ ഇടിച്ച് എസ്യുവി അപകടത്തില്‍പെട്ടെങ്കിലും ഗുരുതര പരുക്കുകളില്ലാതെ എല്ലാവരും രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന്, വാഹനത്തില്‍ നിന്നിറങ്ങിയവര്‍ എസ്യുവി റോഡരികിലേക്കു തള്ളി നീക്കുന്നതിനിടെയാണു നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് ഇടിച്ചുകയറിയത്. ആറു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു.
ബീഡിലെ ഗെറായ് സ്വദേശികളായ ബാലു അത്കാരെ, ഭഗവത് പരല്‍ക്കാര്‍, സച്ചിന്‍ നന്നാവ്രെ, മനോജ് കരാജെ, കൃഷ്ണ ജാദവ്, ദീപക് സൂരയ്യ എന്നിവരാണ് മരിച്ചത്. പൊലീസ് കേസെടുത്തു. അപകടത്തിനു പിന്നാലെ കടന്നുകളഞ്ഞ ട്രക്ക് ഡ്രൈവറെ കണ്ടെത്താനായി അന്വേഷണം നടത്തുന്നുണ്ട്.