കെഎസ്ആര്‍ടിസി; സ്പെയര്‍പാര്‍ട്സ് വാങ്ങലും വിതരണം ചെയ്യലും ഓണ്‍ലൈനിലേക്ക്
കെഎസ്ആര്‍ടിസി; സ്പെയര്‍പാര്‍ട്സ് വാങ്ങലും വിതരണം ചെയ്യലും ഓണ്‍ലൈനിലേക്ക്
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ സ്പെയര്‍പാര്‍ട്സ് വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനും ഓണ്‍ലൈന്‍ സംവിധാനം നിലവില്‍വന്നു. പരീക്ഷണ ഉപയോഗത്തിലുണ്ടായിരുന്ന ഇ-സുതാര്യം ഇന്‍വെന്ററി മാനേജ്മെന്റ് സിസ്റ്റം തിങ്കളാഴ്ചയോടെ പൂര്‍ണസജ്ജമാകും. സ്ഥാപനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സ്പെയര്‍വാങ്ങല്‍ ഓണ്‍ലൈനിലേക്ക് എത്തുന്നത്. ആവശ്യമില്ലാത്ത വാഹനഘടകങ്ങള്‍ വാങ്ങിക്കൂട്ടുന്നതും നിലവാരമില്ലാത്തവ പ്രാദേശികമായി വാങ്ങുന്നതും ഇതിലൂടെ ഒഴിവാക്കാനാകും.
ഓരോ ഡിപ്പോകളിലുമുള്ള ബസുകള്‍ക്ക് ആനുപാതികമായി സോഫ്റ്റ്വേര്‍ തന്നെ സ്പെയര്‍പാര്‍ട്സിന് ഓരോ മാസവും പട്ടിക തയ്യാറാക്കും. ഇതില്‍ ആവശ്യമുള്ളതുമാത്രം വാങ്ങിയാല്‍ മതിയാകും. എല്ലാ ഘടകങ്ങളുടെയും സ്റ്റോക്ക് രജിസ്റ്റര്‍ ഓണ്‍ലൈനില്‍ ലഭ്യമാകും. കേന്ദ്രീകൃത വാങ്ങല്‍രീതിക്കാകും മുന്‍ഗണന നല്‍കുക. ഉപയോഗമില്ലാതെ സ്പെയര്‍പാര്‍ട്സുകള്‍ കൂട്ടിയിട്ടിരിക്കുന്നതും ഒഴിവാക്കാനാകുമെന്നതാണ് നേട്ടം.
ബിജു പ്രഭാകര്‍ സിഎംഡിയായിരുന്നപ്പോള്‍ ആവിഷ്‌കരിച്ച പദ്ധതി മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ കര്‍ശന നിര്‍ദേശത്തെത്തുടര്‍ന്നാണ് ഇപ്പോള്‍ പ്രാവര്‍ത്തികമായത്. എക്കാലത്തും അഴിമതിയാരോപണം ഉയരുന്നതാണ് കെഎസ്ആര്‍ടിസിയിലെ സ്പെയര്‍പാര്‍ട്സ് വാങ്ങല്‍. ആവശ്യത്തിന് സ്പെയര്‍ ഇല്ലെന്നുപറഞ്ഞാണ് പ്രാദേശികമായി നിലവാരമില്ലാത്ത സ്പെയര്‍പാര്‍ട്സുകള്‍ വാങ്ങിയിരുന്നത്.