തെരുവുനായ്ക്കള്‍ മൂലമുള്ള വാഹനാപകടം; കഴിഞ്ഞ വര്‍ഷം മരിച്ചത് 17 പേര്‍
തെരുവുനായ്ക്കള്‍ മൂലമുള്ള വാഹനാപകടം; കഴിഞ്ഞ വര്‍ഷം മരിച്ചത് 17 പേര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം തെരുവുനായ്ക്കള്‍ മൂലമുള്ള വാഹനാപകടത്തില്‍ മരിച്ചത് 17 പേര്‍. ഇക്കൊല്ലം ഇതുവരെയുണ്ടായ 956 മരണങ്ങളില്‍ ആറെണ്ണത്തിന് കാരണവും തെരുവു നായ്ക്കളാണെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞവര്‍ഷമുണ്ടായ 3875 വാഹനാപകട മരണങ്ങളില്‍ 17 മരണത്തിന് കാരണമായത് തെരുവില്‍ അലഞ്ഞ മൃഗങ്ങളായിരുന്നുവെന്നാണ് പോലീസിന്റെ കണക്ക്.
കഴിഞ്ഞ വര്‍ഷമുണ്ടായ 48841 റോഡപകടങ്ങളില്‍ 147 അപകടങ്ങള്‍ക്ക് കാരണമായത് പ്രധാനമായും തെരുവുനായ്ക്കളാണ്. കാട്ടുപന്നി വാഹനത്തിലിടിച്ച ഏതാനും സംഭവങ്ങളുമുണ്ടായി. മൃഗങ്ങള്‍ കാരണമായ അപകടങ്ങളില്‍ 127 പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. 33 പേര്‍ക്ക് ചെറു പരിക്കുകളുമുണ്ടായി. മൃഗങ്ങള്‍ കാരണമുണ്ടായ മൊത്തം അപകടങ്ങളില്‍ 118 എണ്ണം ഗുരുതര പരിക്കുകള്‍ക്ക് കാരണമായ അപകടങ്ങളാണെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത 147 അപകടങ്ങളില്‍ നാലെണ്ണത്തില്‍ മാത്രമാണ് വാഹനയാത്രക്കാര്‍ക്ക് പരിക്കേല്‍ക്കാതിരുന്നത്.
വാഹനങ്ങള്‍ക്ക് കുറുകെ തെരുവില്‍ അലയുന്ന മൃഗങ്ങള്‍ അപ്രതീക്ഷിതമായി ചാടുന്നതാണ് അപകടങ്ങള്‍ക്ക് ഇടയാക്കുന്നതും അവ ഗുരുതരമാക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൊത്തം അപകടമരണത്തിന്റെ ഒരു ശതമാനത്തില്‍ താഴെമാത്രമാണ് ഇത്തരം അപകടങ്ങളെങ്കിലും എല്ലാ വര്‍ഷവും ഇത് മാറ്റമില്ലാതെ തുടരുന്നുണ്ട്. വാഹനം ഓടിച്ചിരുന്ന ഡ്രൈവറുടെ പിഴവുമൂലം ഉണ്ടായ വാഹനാപകടങ്ങളില്‍ മരിച്ചവരാണ് ഏറ്റവും അധികം. 2025 പേര്‍ക്ക് ഇത്തരത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു. മറ്റുവാഹനത്തിന്റെ ഡ്രൈവറുടെ പിഴവുമൂലമുണ്ടായ അപകടത്തില്‍ 442 പേര്‍ക്കും ജീവന്‍ നഷ്ടമായെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.