ഓട്ടിസം ബാധിച്ച ആറുവയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച കേസ്; രണ്ടാനമ്മ അറസ്റ്റില്‍

ഓട്ടിസം ബാധിച്ച ആറുവയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച കേസ്; രണ്ടാനമ്മ അറസ്റ്റില്‍

Update: 2025-07-15 02:20 GMT

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഓട്ടിസം ബാധിച്ച ആറുവയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച കേസില്‍ ഒളിവില്‍ പോയ രണ്ടാനമ്മയെ പോലിസ് അറസ്റ്റ് ചെയ്തു. കുട്ടിക്ക് ഭക്ഷണം നിഷേധിക്കുകയും ശരീരത്തില്‍ പൊള്ളലേല്‍പ്പിക്കുകയും ചെയ്ത കുറ്റങ്ങള്‍ ചുമത്തിയാണ് യുവതിയെ അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ രണ്ടാനമ്മ ഒളിവില്‍ പോയിരുന്നു. രണ്ടാനമ്മയെ ഒളിവില്‍ പോകാന്‍ സഹായിച്ചതിന് ഇവരുടെ പിതാവിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ഇവര്‍ അറസ്റ്റിലാവുന്നത്. വടപുറം സ്വദേശിനിയായ യുവതിയെയാണ് പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. ആറുവയസ്സുള്ള കുഞ്ഞിനെ പട്ടിണിക്കിട്ട് പീഡിപ്പിച്ചു, പപ്പടക്കോല്‍ കൊണ്ട് പൊള്ളിച്ചു എന്നിവയാണ് രണ്ടാനമ്മയ്ക്ക് മേല്‍ ചുമത്തിയ കുറ്റങ്ങള്‍. ഇക്കഴിഞ്ഞ ജൂലൈ നാലിന് അമ്മയുടെ അച്ഛന്‍ കുഞ്ഞിനെ സ്‌കൂളില്‍ കാണാനെത്തിയപ്പോഴാണ് ശരീരത്തില്‍ പരിക്കുകള്‍ ശ്രദ്ധിച്ചത്. പിന്നാലെ ചൈല്‍ഡ് ലൈനില്‍ ഉള്‍പ്പെടെ പരാതി നല്‍കി.

ആരോപണം പരിശോധിച്ച ചൈല്‍ഡ് ലൈന്‍ കുട്ടി മര്‍ദനത്തിനും മറ്റും ഇരയായതായി കണ്ടെത്തുകയും, നിയമനടപടികള്‍ തുടരാന്‍ പെരിന്തല്‍മണ്ണ പോലീസിന് റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

കുഞ്ഞിന് ഒന്നര വയസ്സുള്ളപ്പോള്‍ സ്വന്തം അമ്മ മരിച്ചിരുന്നു. പിന്നീട് കുഞ്ഞ് അമ്മയുടെ അച്ഛന്റെയും സ്വന്തം അച്ഛന്റെയും വീടുകളിലായിട്ടാണ് കഴിഞ്ഞിരുന്നത്. അച്ഛന് വിദേശത്ത് ജോലി ആയതിനാല്‍, കുട്ടി രണ്ടാനമ്മയ്‌ക്കൊപ്പമായിരുന്നു താമസം. ഇടയ്ക്ക് കുഞ്ഞിന്റെ അമ്മയുടെ ബന്ധുക്കള്‍ കാണാന്‍ വരാറുണ്ടായിരുന്നു. പുതിയ സാഹചര്യത്തില്‍ കുഞ്ഞിന്റെ സംരക്ഷണം മുത്തച്ഛനും മുത്തശ്ശിക്കും മലപ്പുറം കുടുംബ കോടതി കൈമാറിയിട്ടുണ്ട്.

Tags:    

Similar News