പരിവാഹന്‍ വ്യാജ ആപ്ലിക്കേഷന് പിന്നിലെ ബുദ്ധികേന്ദ്രം പതിനാറുകാരന്‍; രാജ്യവ്യാപകമായി തട്ടിപ്പു നടത്തിയ സംഘം വാരണാസിയില്‍ അറസ്റ്റില്‍
പരിവാഹന്‍ വ്യാജ ആപ്ലിക്കേഷന് പിന്നിലെ ബുദ്ധികേന്ദ്രം പതിനാറുകാരന്‍
കാക്കനാട്: പരിവാഹന്‍ വ്യാജ ആപ്ലിക്കേഷന്‍ തയ്യാറാക്കി രാജ്യവ്യാപകമായി ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിവന്ന സംഘത്തെ കൊച്ചി സൈബര്‍ പൊലീസ് വാരാണസിയില്‍ നിന്നു അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശികളായ അതുല്‍ കുമാര്‍ സിങ് (32), മനീഷ് യാദവ് (24) എന്നിവരാണ് അറസ്റ്റിലായത്. വാഹനത്തിന് പിഴ അടയ്ക്കാനെന്ന പേരില്‍ വ്യാജ എ.പി.കെ ഫയലുകള്‍ വാട്‌സ് ആപ്പ് വഴി അയച്ച് നല്‍കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്.
എറണാകുളം സ്വദേശിയുടെ പരാതിയിലാണ് തട്ടിപ്പ് സംഘം പിടിയിലായത്. വ്യാജ പരിവാഹന്‍ ലിങ്ക് വഴി 85,000 രൂപ തട്ടിയെടുത്തതായി എറണാകുളം സ്വദേശി എന്‍.സി.ആര്‍.പി പോര്‍ട്ടലില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കൊച്ചി സൈബര്‍ പൊലീസെടുത്ത കേസില്‍ ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.
ഇന്‍സ്‌പെക്ടര്‍ ഷമീര്‍ഖാന്‍, പൊലീസ് ഉദ്യോഗസ്ഥരായ അരുണ്‍, അജിത്ത് രാജ്, നിഖില്‍ ജോര്‍ജ, ആല്‍ഫിറ്റ് ആന്‍ഡ്രൂസ്, ഷറഫുദ്ദീന്‍ എന്നിവരാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. ടെലിഗ്രാം ബോട്ട് മുഖാന്തിരമാണ് വാഹനങ്ങളുടെ വിവരങ്ങള്‍ പ്രതികള്‍ ശേഖരിച്ചത്. മനീഷ് യാദവിന്റെ ബന്ധുവായ 16 വയസുകാരനാണ് വ്യാജ ആപ്ലിക്കേഷന്‍ തയ്യാറാക്കിയതിന്റെ ബുദ്ധി കേന്ദ്രം.
കേരളം, ഗുജറാത്ത്, കര്‍ണാടക, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെ 2700ല്‍പരം വാഹനങ്ങളുടെ വിവരങ്ങള്‍ പ്രതികളുടെ ഫോണില്‍നിന്നു കണ്ടെത്തി. ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ 1930 എന്ന സൗജന്യ നമ്പറില്‍ ബന്ധപ്പെട്ടോ, https://cybercrime.gov.in/ എന്ന വെബ്‌സൈറ്റ് മുഖേനയോ സൈബര്‍ പൊലീസിനെ വിവരം അറിയിക്കാം.