സ്‌കൂള്‍ വിട്ട് വിദ്യാര്‍ത്ഥികള്‍ വീട്ടിലെത്തിയപ്പോള്‍ വീട് ജപ്തി ചെയ്ത നിലയില്‍; പൂട്ട് പൊളിച്ച് വീട് തുറന്ന് കൊടുത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍
സ്‌കൂള്‍ വിട്ട് വിദ്യാര്‍ത്ഥികള്‍ വീട്ടിലെത്തിയപ്പോള്‍ വീട് ജപ്തി ചെയ്ത നിലയില്‍
പാലക്കാട്: സ്വകാര്യ പണമിടപാട് സ്ഥാപനം ജപ്തി ചെയ്ത വീട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൂട്ട്‌പൊളിച്ച് തുറന്നു കൊടുത്തു. പാലക്കാട് അയിലൂര്‍ കരിങ്കുളത്താണ് സംഭവം. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ കുട്ടികള്‍ വന്നപ്പോഴാണ് വീട് ജപ്തി ചെയ്യാന്‍ ആളെത്തിയത്. വീട്ടില്‍ മുതിര്‍ന്നവര്‍ ആരും ഇല്ലായിരുന്നു. സംഭവം അറിഞ്ഞെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൂട്ട് പൊളിച്ച് കുട്ടികളെ അകത്ത് കയറ്റുക ആയിരുന്നു.
വായ്പ കുടിശ്ശിക മുടങ്ങിയതിനെ തുടര്‍ന്നാണ് സ്വകാര്യ ധനകാര്യ സ്ഥാപനം പ്രദേശവാസിയായ സതീഷിന്റെ വീട് ജപ്തി ചെയ്തത്. വിദ്യാര്‍ത്ഥികളായ സതീഷിന്റെ മക്കള്‍ മാത്രമുള്ള സമയത്താണ് ജപ്തി നടപടിയെന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പറയുന്നു.
വിദ്യാര്‍ത്ഥികള്‍ വീടിനു പുറത്തു നില്‍ക്കുന്ന വിവരം അധ്യാപകരും പിടിഎ ഭാരവാഹികളും അറിയിച്ചതോടെയാണ് പൂട്ടുപൊളിച്ച് കുടുംബത്തെ അകത്തുകയറ്റിയതെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി. ഡിവൈഎഫ്‌ഐ നേതാവായ രാഹുലിന്റെ നേതൃത്വത്തിലായിരുന്നു വീടിന്റെ പൂട്ടുപൊളിച്ച് കുടുംബത്തെ അകത്തുകയറ്റിയിരുത്തിയത്.