താനൂര്‍ ബോട്ട് അപകടം: കമ്മീഷന്‍ പൊതുജനാഭിപ്രായം തേടുന്നു; മുന്‍കാല അന്വേഷണ റിപ്പോര്‍ട്ടുകളുടെ നടപ്പാക്കലും പരിശോധിക്കും
മലപ്പുറം: 2023 മേയ് 7ന് മലപ്പുറം ജില്ലയിലെ താനൂര്‍ തൂവല്‍ തീരം ബീച്ചില്‍ നടന്ന ബോട്ട് അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് വി.കെ. മോഹനന്‍ കമ്മീഷന്‍, അന്വേഷണത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചു. ലൈസന്‍സിങ്, എന്‍ഫോഴ്സ്മെന്റ് സംവിധാനങ്ങളുടെ പര്യാപ്തത, ജലഗതാഗത മേഖലയിലെ സുരക്ഷാ പരിഹാരങ്ങള്‍, മുന്‍കാല അന്വേഷണ റിപ്പോര്‍ട്ടുകളുടെ നടപ്പാക്കല്‍ എന്നിവയാണ് രണ്ടാംഘട്ടത്തില്‍ കമ്മീഷന്‍ പരിശോധിക്കുന്നത്.
കേരളത്തിലെ ഉള്‍നാടന്‍ ജലഗതാഗതം, വിനോദസഞ്ചാരം, മത്സ്യബന്ധന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെയും വിദഗ്ധരുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങളാണ് തേടുന്നത്. 2025 സെപ്റ്റംബര്‍ 1ന് മുമ്പ് നിര്‍ദേശങ്ങള്‍ രേഖാമൂലം കമ്മീഷന്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ വഴിയോ സമര്‍പ്പിക്കാം. പൊതു ഹിയറിങ്ങുകളില്‍ നേരിട്ട് ഹാജരായി വാക്കാലോ രേഖാമൂലമോ അഭിപ്രായങ്ങള്‍ അറിയിക്കാം. സിറ്റിംഗിന്റെ വിശദാംശങ്ങള്‍ 0471 2336939 ല്‍ ലഭിക്കും.