കാര്‍ പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തി 20 ലക്ഷം രൂപ കവര്‍ന്ന കേസ്; ആറുപേര്‍ അറസ്റ്റില്‍
കാര്‍ പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തി 20 ലക്ഷം രൂപ കവര്‍ന്ന കേസ്; ആറുപേര്‍ അറസ്റ്റില്‍
കൊണ്ടോട്ടി: കാര്‍ പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തി 20 ലക്ഷം രൂപ കവര്‍ന്ന കേസില്‍ ആറുപേരെ പോലിസ് അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ വീരാശ്ശേരി വീട്ടില്‍ പി.വി. നിസാര്‍ (31), പൂളക്കത്തൊടി വീട്ടില്‍ കെ.സി. മുഹമ്മദ് ഷഫീഖ് (33), നയാബസാര്‍ ചീക്കുകണ്ടി വീട്ടില്‍ അബ്ദുനാസര്‍ (35), കുളത്തൂര്‍ പൂളക്കത്തൊടി സൈനുല്‍ ആബിദ് (25), ഇരിമ്പിളിയം കുന്നത്തൊടി വീട്ടില്‍ ഇര്‍ഷാദ് (31), പെരുവളളൂര്‍ ചോലക്കല്‍ വീട്ടില്‍ എ.പി. മുഹമ്മദ് മുസ്ഫര്‍ (31) എന്നിവരെയാണ് കരിപ്പൂര്‍ പോലീസ് അറസ്റ്റുചെയ്തത്.
ജൂലായ് 16-ന് നെടുംകളരിയിലാണ് കവര്‍ച്ച നടന്നത്. വളാഞ്ചേരി സ്വദേശിയായ മുസ്തഫയും സുഹൃത്തും സഞ്ചരിച്ചിരുന്ന കാറിനെ മറ്റൊരു കാറില്‍ പിന്തുടര്‍ന്ന്, തടഞ്ഞുനിര്‍ത്തിയാണ് കവര്‍ച്ച നടത്തിയത്. കാറിന്റെ ചില്ലുതകര്‍ത്ത് ഡാഷ്ബോര്‍ഡിലുണ്ടായിരുന്ന 20 ലക്ഷം രൂപ കൈക്കലാക്കിയെന്നായിരുന്നു പരാതി.
കൊണ്ടോട്ടി, കരിപ്പൂര്‍ സ്റ്റേഷന്‍ പരിധികളിലെ നൂറിലധികം സിസിടിവി ക്യാമറാദൃശ്യങ്ങളും സംശയിക്കപ്പെട്ട മുപ്പതോളം ആളുകളുടെ ഫോണ്‍കോള്‍, ടവര്‍ ലൊക്കേഷന്‍ എന്നിവയും പരിശോധിച്ചാണ് പ്രതികളിലേക്കെത്തിയതെന്ന് പോലീസ് പറഞ്ഞു. കവര്‍ച്ചയ്ക്ക് ഉപയോഗിച്ചിരുന്ന വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച കാറിന്റെ ആര്‍സി ഉടമയെ കണ്ടെത്തിയതിനെത്തുടര്‍ന്ന് കാര്‍ വാടകയ്‌ക്കെടുത്ത നിസാറിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കൂട്ടുപ്രതികളും പിടിയിലാകുകയായിരുന്നു. മെഡിക്കല്‍ സീറ്റുമായി ബന്ധപ്പെട്ട പണമാണ് കാറിലുണ്ടായിരുന്നതെന്നാണ് കവര്‍ച്ചയ്ക്ക് ഇരയായവര്‍ പോലീസിനോട് പറഞ്ഞത്. കൂടുതല്‍ അന്വേഷണം നടക്കുന്നതേയുള്ളൂ.
കരിപ്പൂര്‍ ഇന്‍സ്പെക്ടര്‍ എം. അബ്ബാസലിയുടെ നേതൃത്വത്തില്‍ എഎസ്ഐ മുരളീധരന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിനോജ്, ശ്രീകാന്ത്, പ്രശാന്ത്, കൊണ്ടോട്ടി സബ് ഡിവിഷന്‍ ആന്റി തെഫ്റ്റ് സ്‌ക്വാഡ് അംഗങ്ങളായ അമര്‍നാഥ്, ഋഷികേശ്, സ്പെഷ്യല്‍ ബ്രാഞ്ച് അംഗം അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.