'ആരെ പറ്റിച്ചാലും ലൂര്‍ദ്ദ് മാതാവിനെ പറ്റിക്കരുത്, അനുഭവിച്ചോട്ടാ'; കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പരോക്ഷമായി പരിഹസിച്ച് അനില്‍ അക്കര
കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പരോക്ഷമായി പരിഹസിച്ച് അനില്‍ അക്കര
തൃശൂര്‍: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ പരോക്ഷമായി പരിഹസിച്ച് എഐസിസി അംഗം അനില്‍ അക്കര. 'ആരെ പറ്റിച്ചാലും ലൂര്‍ദ്ദ് മാതാവിനെ പറ്റിക്കരുത്. അനുഭവിച്ചോട്ടാ' എന്നാണ് അനില്‍ അക്കര ഫേസ്ബുക്കില്‍ കുറിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് ലൂര്‍ദ്ദ് മാതാവിന് സുരേഷ് ഗോപി കിരീടം സമര്‍പ്പിച്ചത് ചര്‍ച്ചയായിരുന്നു.
ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനെ കുറിച്ചോ അതിനു ശേഷം ഒഡിഷയില്‍ വൈദികര്‍ ആക്രമിക്കപ്പെട്ടതിനെ കുറിച്ചോ സുരേഷ് ഗോപി ഒരു പ്രതികരണവും നടത്തിയിരുന്നില്ല. തുടര്‍ന്നാണ് എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കളും ഓര്‍ത്തഡോക്‌സ് സഭാ തൃശൂര്‍ ഭദ്രാസനാധിപനുമെല്ലാം വിമര്‍ശനവുമായി രംഗത്തെത്തിയത്.
സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയുമായി കെഎസ്‌യു നേതാവ് രംഗത്തെത്തി. സുരേഷ് ഗോപിയെ തൃശൂര്‍ മണ്ഡലത്തില്‍ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്‌യു തൃശൂര്‍ ജില്ലാ അധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂര്‍ ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കി. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളുടെ അറസ്റ്റിനുശേഷമാണ് സുരേഷ് ഗോപിയെ കാണാതായതെന്നാണ് പരാതിയില്‍ പറയുന്നത്. സുരേഷ് ഗോപിയുടെ തിരോധാനത്തിനു മുന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
സുരേഷ് ഗോപിയെ കാണാനില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയും ചൂണ്ടിക്കാട്ടി. കന്യാസ്ത്രീകള്‍ അറസ്റ്റിലായപ്പോള്‍ സുരേഷ് ഗോപിയെ എവിടെയും കണ്ടില്ലെന്നും അദ്ദേഹം ഒളിവു ജീവിതത്തിലാണോയെന്നും ശിവന്‍കുട്ടി ചോദിച്ചു. സുരേഷ് ഗോപിക്കെതിരെ പരോക്ഷ പരിഹാസവുമായി ഓര്‍ത്തഡോക്‌സ് സഭ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ മാര്‍ യൂഹാനോന്‍ മിലിത്തിയോസും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഡല്‍ഹിയിലേക്ക് അയച്ച നടനെ കാണാനില്ലെന്നും പൊലീസില്‍ അറിയിക്കണോയെന്നാണ് ആശങ്കയെന്നുമാണ് അദ്ദേഹം കുറിച്ചത്.