സുഹൃത്തുക്കളും ബന്ധുക്കളിലധികവും എത്തിയത് ബാര്‍സിലോനയുടെ ജഴ്‌സി അണിഞ്ഞ്; മലപ്പുറത്ത് മെസ്സിയുടെ പേരില്‍ ഒരു വിവാഹം
മലപ്പുറത്ത് മെസ്സിയുടെ പേരില്‍ ഒരു വിവാഹം
എടപ്പാള്‍: ഫുട്‌ബോളിനെ ജീവവായു പോലെ കാണുന്ന ആളുകളാണ് മലബാറുകാര്‍. കഴിഞ്ഞു പോയ ദിവസങ്ങളിലെല്ലാം മെസി കേരളത്തിലെത്തുമെന്ന പ്രതീക്ഷയിലും സന്തോഷത്തിലുമായിരുന്നു മലബാറുകാര്‍. എന്നാല്‍ മെസി വന്നില്ലെങ്കിലും മലബാറുകാര്‍ക്ക് പരിഭവമില്ല. അവരുടെ ഖല്‍ബിലാണ് മെസിയുടെ സ്ഥാനം. ഇത് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം എടപ്പാള്‍ അണ്ണക്കംപാട് നടന്ന വിവാഹ ആഘോഷം. കല്യാണപ്പന്തലില്‍ നിറഞ്ഞുനിന്നത് മെസ്സിയും സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ് ബാര്‍സിലോനയുമായിരുന്നു.
അണ്ണക്കംപാട് സ്വദേശി സെയ്ഫുവിന്റെ മകന്‍ ഷിജാസും കോഴിക്കോട് പയ്യോളി സ്വദേശി നൗഷാദിന്റെ മകള്‍ ആയിഷ നിഹാലയും തമ്മിലുള്ള വിവാഹ ആഘോഷമായിരുന്നു വേദി. വിവാഹ സല്‍ക്കാരത്തില്‍ സുഹൃത്തുക്കളും ബന്ധുക്കളിലധികവും എത്തിയത് ബാര്‍സിലോനയുടെ ജഴ്‌സി അണിഞ്ഞുകൊണ്ട്. കൂടാതെ വരനും വധുവിനും ജഴ്‌സി സമ്മാനമായി നല്‍കുകയും ചെയ്തു. വരന്റെ സുഹൃത്തുക്കളുടെ സസ്‌പെന്‍സ്, വധുവായ ആയിഷ നിഹാലയ്ക്കും കുടുംബത്തിനും ഏറെ കൗതുകമായി മാറി. സ്‌പെയിനില്‍ നിന്നടക്കം എത്തിയ ഷിജാസിന്റെ സുഹൃത്തുക്കള്‍ക്കും ആഘോഷം വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. ഷിജാസ് വിവാഹ കത്ത് ഒരുക്കിയതും ബാര്‍സിലോന ജഴ്‌സിയുടെ കളറിലായിരുന്നു.