വീട്ടുമുറ്റത്തെ കിണര്‍ ഭൂമിക്കടിയിലേക്കു താഴ്ന്ന് ഇടിഞ്ഞിറങ്ങി; അയല്‍വാസിയുടെ കിണറിന്റെ അരികിനും മതിലിനും കേടുപാടുകള്‍: ആശങ്കയില്‍ നാട്ടുകാര്‍
വീട്ടുമുറ്റത്തെ കിണര്‍ ഭൂമിക്കടിയിലേക്കു താഴ്ന്ന് ഇടിഞ്ഞിറങ്ങി
മലപ്പുറം: താനൂരില്‍ വീട്ടുമുറ്റത്തെ കിണര്‍ ഭൂമിക്കടിയിലേക്കു താഴ്ന്നിറങ്ങി. നിറമരുതൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് പത്തമ്പാട് പാണര്‍തൊടുവില്‍ കുഞ്ഞാലിയുടെ വീട്ടുമുറ്റത്തെ കുടിവെള്ള കിണറാണ് നേരം വെളുത്തപ്പോള്‍ അപ്രത്യക്ഷമായത്. രാവിലെ 10നു ഗൃഹനാഥ പുറത്തിറങ്ങിയപ്പോഴാണു കിണര്‍ താഴ്ന്നത് ശ്രദ്ധയില്‍പെട്ടത്. പൂര്‍ണമായി ഭൂനിരപ്പിനു താഴേക്ക് ഇറങ്ങിയ നിലയിലാണ്. അയല്‍വാസിയായ വരിക്കോടത്ത് ഷാജിദിന്റെ മതിലിനും കിണറിന്റെ അരികിനും കേടുപാടുകള്‍ സംഭവിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായില്‍ പുതുശ്ശേരി, റവന്യു അധികൃതര്‍, ദുരന്ത നിവാരണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ജില്ലാ കലക്ടര്‍ ജിയോളജിക്കല്‍ വകുപ്പിന് അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കി. ഏഴ് മീറ്റര്‍ ആഴമുള്ള കിണര്‍ താഴ്ന്നിറങ്ങിയതും സമീപ വീട്ടിലെ കിണറിന് കേടുപാട് സംഭവിച്ചതും മേഖലയില്‍ വീട്ടുകാരെ ഭയപ്പാടിലാക്കി. കൂടുതല്‍ അപകടം ഇല്ലാതാക്കാന്‍ തകര്‍ന്ന കിണര്‍ മണ്ണിട്ട് നികത്തി.