പാലിയേക്കരയില്‍ ടോള്‍ പിരിവ് മരവിപ്പിച്ച ഇടക്കാല ഉത്തരവ് സെപ്റ്റംബര്‍ ഒമ്പതു വരെ നീട്ടി

Update: 2025-08-26 16:36 GMT

കൊച്ചി: ദേശീയപാതയിലെ അറ്റകുറ്റപ്പണികളുടെ പശ്ചാത്തലത്തില്‍ പാലിയേക്കരയില്‍ ടോള്‍ പിരിവ് മരവിപ്പിച്ച ഇടക്കാല ഉത്തരവ് ഹൈക്കോടതി സെപ്റ്റംബര്‍ ഒമ്പതു വരെ നീട്ടി. ഗതാഗതക്കുരുക്ക് തുടരുന്ന മണ്ണുത്തി-ഇടപ്പള്ളി മേഖലയില്‍ ദേശീയ പാത അതോറിറ്റി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഗതാഗത മാനേജ്‌മെന്റ് സമിതി പരിശോധന നടത്താനും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

കലക്ടര്‍, ജില്ലാ പൊലീസ് മേധാവി, ആര്‍.ടി.ഒ എന്നിവരടങ്ങുന്ന സമിതി ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് രൂപവത്കരിച്ചത്. ടാറിങ് പൂര്‍ത്തിയായെന്നും പാതയില്‍ ഗതാഗതം സുഗമമായെന്നും ദേശീയ പാത അതോറിറ്റി അറിയിച്ചെങ്കിലും ഈയാഴ്ചയോ അടുത്തയാഴ്ചയോ ഇക്കാര്യം പരിശോധിക്കാന്‍ സമിതിയോട് കോടതി ആവശ്യപ്പെടുകയായിരുന്നു. ഗതാഗതത്തിരക്ക് പരിശോധിക്കാന്‍ സ്ഥിരം സംവിധാനം വേണമെന്നും സര്‍വീസ് റോഡ് രണ്ടുവരിയാക്കണമെന്നും സമിതി നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

പാലിയേക്കര ടോള്‍ പിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞ ആഗസ്റ്റ് ആറിലെ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് സുപ്രീംകോടതിയും ശരിവെച്ചിരുന്നു. ഓണാവധിക്കിടെ കേസ് പരിഗണിക്കണമെന്ന ആവശ്യം ദേശീയ പാത അതോറിറ്റി ഉന്നയിച്ചെങ്കിലും തീരുമാനമെടുക്കേണ്ടത് ചീഫ് ജസ്റ്റിസാണെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ടോള്‍ പിരിവ് നിര്‍ത്തിവെക്കണമെന്നതടക്കം ചൂണ്ടിക്കാട്ടി തൃശൂര്‍ ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഷാജി കോടങ്കണ്ടത്ത് തുടങ്ങിയവര്‍ നല്‍കിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

Similar News