വിദ്യാര്‍ത്ഥിയെ മര്‍ദിച്ചും ഭീഷണിപ്പെടുത്തിയും കാലുപിടിപ്പിച്ചു; അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

വിദ്യാര്‍ത്ഥിയെ മര്‍ദിച്ചും ഭീഷണിപ്പെടുത്തിയും കാലുപിടിപ്പിച്ചു; അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

Update: 2025-08-28 02:59 GMT

പിറവം: യുവാവിനെ സഹപാഠികള്‍ ഭീഷണിപ്പെടുത്തിയും മര്‍ദിച്ചും കാലുപിടിപ്പിക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അഞ്ച് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. പാമ്പാക്കുടയില്‍ പഠിക്കുന്ന ഒന്നാം വര്‍ഷ പോളിടെക്‌നിക് വിദ്യാര്‍ഥിയെ സഹപാഠികളുടെ സംഘം വീട്ടില്‍നിന്ന് വിളിച്ചിറക്കി കൊണ്ടുപോയാണ് ക്രൂരതയ്ക്ക് ഇരയാക്കിയത്. സംഭവം റാഗിങ്ങാണെന്ന തരത്തില്‍ പ്രചരിച്ചതോടെ കോളേജ് അധികൃതര്‍ അന്വേഷണം നടത്തുകയായിരുന്നു. നടുറോഡില്‍ നടന്ന അതിക്രമം അവരിലൊരാള്‍ തന്നെയാണ് വീഡിയോ എടുത്ത് പ്രചരിപ്പിച്ചത്. വിദ്യാര്‍ഥിയെ ചോദ്യംചെയ്യുന്നതും തള്ളിയിടുന്നതും പിന്നീട് മൂന്നു പേരുടെ കാലുപിടിപ്പിക്കുന്നതുമാണ് ദൃശ്യം. കോലഞ്ചേരി ഭാഗത്തെ റോഡില്‍ ഒരാഴ്ച മുന്‍പാണിത് അരങ്ങേറിയതെന്നു പറയുന്നു.

ഒരേ ക്ലാസില്‍ പഠിക്കുന്ന കുട്ടികളാണെന്നും സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് പങ്കില്ലെന്നും വന്നതോടെ സംഭവം റാഗിങ് അല്ലെന്ന് കോളേജിലെ ആന്റി റാഗിങ് സമിതി വിലയിരുത്തി. ഒന്നാംവര്‍ഷ പോളി ടെക്നിക് ക്ലാസിലെ കുട്ടികള്‍ക്കിടയില്‍ കഴിഞ്ഞ കുറച്ചുദിവസമായി നിലനില്‍ക്കുന്ന തര്‍ക്കവും വഴക്കുമാണ് കാലുപിടിപ്പിക്കലില്‍ കലാശിച്ചതെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച് രാമമംഗലം പോലീസിന് റിപ്പോര്‍ട്ടും നല്‍കി.

അതിക്രമത്തിന് ഇരയായ വിദ്യാര്‍ഥിയും വീട്ടുകാരും ഇതേച്ചൊല്ലി പരാതിപ്പെട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടത്തിയ കോളേജ് അധികൃതര്‍ ഇതുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തതായി പ്രിന്‍സിപ്പല്‍ പറഞ്ഞു.

Tags:    

Similar News