ചങ്ങനാശേരി സ്വദേശിനിക്ക് 1.3 കോടി രൂപയുടെ കനേഡിയന്‍ ഫെലോഷിപ്പ്; സാന്ദ്ര ആന്‍ ലിറ്റോയ്ക്ക് ലഭിച്ചത് മക്ഗില്‍ സര്‍വകലാശാലയുടെ ജീവശാസ്ത്ര ഗവേഷണ ഫെലോഷിപ്പ്

ചങ്ങനാശേരി സ്വദേശിനിക്ക് 1.3 കോടി രൂപയുടെ കനേഡിയന്‍ ഫെലോഷിപ്പ്

Update: 2025-09-01 03:26 GMT

ചങ്ങനാശേരി: ജീവകോശങ്ങളുടെ ജനിതകനിയന്ത്രണം എന്ന വിഷയത്തില്‍ നാലു വര്‍ഷത്തെ ഡോക്ടറേറ്റ് ഗവേഷണത്തിനുള്ള കനേഡിയന്‍ ഫെലോഷിപ്പ് നേടി ചങ്ങനാശേരി സ്വദേശിനി സാന്ദ്ര ആന്‍ ലിറ്റോയ്ക്ക്. മോണ്‍ട്രിയോളിലുള്ള മക്ഗില്‍ സര്‍വകലാശാലയുടെ 2025ലെ ജീവശാസ്ത്ര ഗവേഷണ ഫെലോഷിപ്പ് ആണ് ലഭിച്ചത്. രണ്ടുലക്ഷം ഡോളറിന്റെ (ഏകദേശം 1.3 കോടി രൂപ) ഫെലോഷിപ്പാണ് ലഭിക്കുന്നത്. തിരുവനന്തപുരത്തുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍നിന്നാണ് ജീവശാസ്ത്രത്തില്‍ അഞ്ചുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് ബിരുദാനന്തരപഠനം പൂര്‍ത്തിയാക്കിയത്.

2029 സെപ്തംബര്‍ വരെ രണ്ടു ലക്ഷം ഡോളറിന്റെ(ഏകദേശം 1.3 കോടി രൂപ) ഫെലോഷിപ്പാണ് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റു ചെലവുകള്‍ക്കുമായി ലഭിക്കുന്നത്. ജീവകോശങ്ങളുടെ ന്യൂക്ലിയസുകളിലുള്ള ഡിഎന്‍എയുടെ സ്വയം പകര്‍പ്പുണ്ടാക്കലിനും ഈ പ്രക്രിയയ്ക്കിടെ സംഭവിക്കുന്ന തന്മാത്രകളിലെ ഘടനാ വ്യത്യാസങ്ങളുടെ സ്വയം തിരുത്തലുകള്‍ക്കും അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജനിതക നിയന്ത്രണങ്ങളെ സംബന്ധിച്ച പഠനങ്ങളിലാണ് ഗവേഷണം നടത്തുന്നത്.

ചങ്ങനാശേരി നാലുകോടി സ്വദേശിനിയാണ് സാന്ദ്ര. സ്‌കൂള്‍ വിദ്യാഭ്യാസം ചങ്ങനാശേരി കിളിമല സേക്രഡ് ഹാര്‍ട്ട് പബ്ലിക് സ്‌കൂളിലും ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാ വിഹാറിലുമാണ് പൂര്‍ത്തിയാക്കിയത്. ചങ്ങനാശേരി നാലുകോടി കാഞ്ഞൂപ്പറമ്പില്‍ ലിറ്റോ കെ തോമസിന്റെയും(അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ബിഎസ്എന്‍എല്‍), ഡോ. അനു മേരി ഫിലിപ്പിന്റെയും(ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍) മകളാണ്. ഏകസഹോദരന്‍ അമല്‍ ജൂഡ് ലിറ്റോ മദ്രാസ് ഐഐടിയില്‍ ബിടെക് മൂന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്.

Tags:    

Similar News