'ചെമ്പടയ്ക്ക് കാവലാള്‍...'; മുഖ്യമന്ത്രി പിണറായി വിജയനെ വാഴ്ത്തുപാട്ടുമായി വരവേറ്റ് സെക്രട്ടേറിയറ്റ് ജീവനക്കാര്‍

Update: 2025-09-01 11:44 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വാഴ്ത്തുപാട്ടുമായി വരവേറ്റ് സെക്രട്ടേറിയറ്റ് ജീവനക്കാര്‍. 'ചെമ്പടയ്ക്ക് കാവലാള്‍...' എന്ന ഗാനമാണ് ജീവനക്കാര്‍ വീണ്ടും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ആലപിച്ചത്. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ വനിതാ കമ്മറ്റി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി എത്തിയപ്പോഴാണ് ജീവനക്കാര്‍ ഗാനമാലപിച്ചത്. നേരത്തെയും ഈ പാട്ട് ചര്‍ച്ചയായിരുന്നു.

ജനുവരിയില്‍ സിപിഎം അനുകൂല കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ 'ചെമ്പടയ്ക്ക് കാവലാള്‍' എന്ന ഗാനം ആലപിച്ചിരുന്നു. ഗാനം വ്യക്തിപൂജയുടെ ഭാഗമാണെന്ന ആരോപണം ഉയരുകയും ചെയ്തു. തിരുവനന്തപുരത്ത് മുമ്പ് സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പിണറായി വിജയനെ 'കാരണഭൂതന്‍' എന്ന് വിശേഷിപ്പിച്ച് അവതരിപ്പിച്ച മെഗാതിരുവാതിര വിവാദമായതോടെയാണ് വാഴ്ത്തുപാട്ടുകള്‍ ശ്രദ്ധനേടിത്തുടങ്ങിയത്.

കേരളം സമൃദ്ധമായ രീതിയില്‍ ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു. നാട്ടിലാകെ സന്തോഷവും സംതൃപ്തിയും നിറഞ്ഞ് നില്‍ക്കുന്നുവെന്നും അദ്ദേഹം സദസ്സിനോട് പറഞ്ഞു. ജീവനക്കാരുടെ കരുതലിനെ അഭിനന്ദിക്കാനും മുഖ്യമന്ത്രി മറന്നില്ല.

Similar News