ലക്ഷ്യ ലേബര്‍ റൂം-വയോജന ക്ലിനിക്: കൊല്ലം മെഡിക്കല്‍ കോളേജില്‍ പുതിയ 10 പദ്ധതികള്‍
കൊല്ലം : കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ 10 പദ്ധതികളുടെ ഉദ്ഘാടനം സെപ്തംബര്‍ 2 ചൊവ്വാഴ്ച രാവിലെ 11ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ലക്ഷ്യ ലേബര്‍ റൂം, എച്ച്ഡിഎസ് പേ വാര്‍ഡ്, എച്ച്ഡിഎസ് പേയിംഗ് ഫാര്‍മസി, വയോജന ക്ലിനിക് ആന്‍ഡ് മോഡല്‍ പാലിയേറ്റീവ് കെയര്‍ ഡിവിഷന്‍, ഫ്ളൂറോസ്‌കോപ്പി, ഫുള്ളി ഓട്ടോമെറ്റഡ് ക്ലിനിക്കല്‍ കെമിസ്ട്രി അനലൈസര്‍, ബോധിക അക്കാഡമിക് പാര്‍ക്ക് ആന്‍ഡ് പബ്ലിക് ലൈബ്രറി, സൈക്കോ സോഷ്യല്‍ റിഹാബിലിറ്റേഷന്‍, ചിറക് ചൈല്‍ഡ് ഡെവലപ്മെന്റ് സെന്റര്‍, ഇന്‍ഡോര്‍ ക്രിക്കറ്റ് ആസ്ട്രേ ടര്‍ഫ് തുടങ്ങിയ 4 കോടിയിലധികം രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിക്കുന്നത്. ജി എസ് ജയലാല്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എം പി മുഖ്യാതിഥിയാകും.
ഗര്‍ഭിണികള്‍ക്ക് പ്രസവ സമയത്തും ശേഷവും മികച്ച ഗുണനിലവാരമുള്ള പരിചരണം ഉറപ്പ് വരുത്തുന്നതിനായാണ് 1.39 കോടി രൂപ ചിലവഴിച്ച് ഗൈനക് ബ്ലോക്കും ലക്ഷ്യ നിലവാരത്തില്‍ ഓപ്പറേഷന്‍ തിയറ്ററും അനുബന്ധ സംവിധാനങ്ങളും സജ്ജമാക്കിയത്. 40 ലക്ഷം രൂപ ചിലവഴിച്ചാണ് എച്ച്ഡിഎസ് പേ വാര്‍ഡുകള്‍ സജ്ജമാക്കിയത്. 23 റൂമുകള്‍ ആണ് സജ്ജമാക്കുന്നത്. അതില്‍ 5 എസി റൂമുകളും ഉള്‍പ്പെടും. 45 ലക്ഷം രൂപ ചിലവഴിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എച്ച്ഡിഎസ് പേയിങ് ഫാര്‍മസി സജ്ജമാക്കി. ഏറ്റവും വില കുറവില്‍ ഗുണമേന്മയുള്ള മരുന്നുകള്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.
40 ലക്ഷം രൂപ ചിലവില്‍ ഡയ്നോഗസ്റ്റിക് ബ്ലോക്കില്‍ ജെറിയാട്രിക് ഒ പി ഉള്‍പ്പെട്ട വയോജന ക്ലിനിക്ക് സജ്ജമാക്കി. നിലവില്‍ മെമ്മറി ക്ലിനിക്കും മോഡല്‍ പാലിയേറ്റിവ് കെയര്‍ ക്ലിനിക്കും ലിവിങ് വില്‍ ഇന്‍ഫര്‍മേഷന്‍ ക്ലിനിക്കും പ്രവര്‍ത്തിച്ചു വരുന്നു. 74 ലക്ഷം രൂപ ചിലവഴിച്ച് ഡിജിറ്റല്‍ ഫ്ളൂറോ സ്‌കോപ്പി മെഷീന്‍ സ്ഥാപിച്ചു. ശരീരത്തിന്റെ അകത്തെ ചലനങ്ങളുടെ ലൈവ് എക്സ്റേ വിഡിയോ രൂപമാണ് ഫ്ളൂറോ സ്‌കോപ്പി. പഴയ അനലോഗ് സിസ്റ്റത്തിന് പകരം ഡിജിറ്റല്‍ ഡിറ്റക്ടറുകളും, കമ്പ്യൂട്ടറുകളും ഉപയോഗിച്ച് ഗുണമേന്മയും സൂഷ്മതയും മെച്ചപ്പെടുത്തുകയാണ് ഫ്ളൂറോ സ്‌കോപ്പി സാധ്യമാക്കുന്നത്. ഇത് രോഗ നിര്‍ണയത്തിന് ഏറെ പ്രയോജന പ്രദമാണ്. 40 ലക്ഷം ചിലവഴിച്ചുള്ള ഫുള്ളി ഓട്ടോമെറ്റഡ് ക്ലിനിക്കല്‍ കെമിസ്ട്രി അനലൈസര്‍, 10 ലക്ഷം ചിലവഴിച്ചുള്ള ബോധിക അക്കാഡമിക് പാര്‍ക്ക് & പബ്ലിക് ലൈബ്രറി, 5 ലക്ഷം ചിലവഴിച്ചുള്ള സൈക്കോ സോഷ്യല്‍ റിഹാബിലിറ്റേഷന്‍, 4 ലക്ഷം ചിലവഴിച്ചുള്ള ഇന്‍ഡോര്‍ ക്രിക്കറ്റ് ആസ്ട്രേ ടര്‍ഫ്, ചിറക് ചൈല്‍ഡ് ഡെവലപ്മെന്റ് സെന്റര്‍ എന്നിവയുടെ ഉദ്ഘാടനവും നടക്കും.