പ്രസവത്തിന് മുന്‍പേ കുട്ടി മരിച്ചു; മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തേക്കില്ല

പ്രസവത്തിന് മുന്‍പേ കുട്ടി മരിച്ചു; മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തേക്കില്ല

Update: 2025-09-10 02:12 GMT

ചെറുതോണി: ആശുപത്രിയില്‍ കണ്ടുപോകാതെ വീട്ടില്‍ പ്രസവമെടുക്കാന്‍ ശ്രമിക്കവേ കുട്ടി മരിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരേ കേസെടുക്കാനിടയില്ല. പ്രസവിക്കുന്നതിന് മുന്‍പുതന്നെ കുട്ടി മരിച്ചിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതിനാലാണിത്. അശാസ്ത്രീയമായി പ്രസവമെടുക്കുന്ന സംഭവങ്ങളില്‍ കുട്ടി പുറത്തുവന്നതിനുശേഷം മരിച്ചാല്‍ മാത്രമേ കേസെടുക്കൂ. എന്നാല്‍ കുഞ്ഞ് വയറ്റില്‍ കിടക്കുമ്പോള്‍ തന്നെ മരണപ്പെട്ടിരുന്നു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

വാഴത്തോപ്പ് ആനക്കൊമ്പന്‍ ചാലക്കര പുത്തന്‍വീട്ടില്‍ ജോണ്‍സന്റെയും വിജിയുടേയും ആണ്‍കുഞ്ഞാണ് മരിച്ചത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ രണ്ടുദിവസംമുമ്പ് ഇവരോട് ആശുപത്രിയില്‍ അഡ്മിറ്റാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കൂട്ടാക്കാതെ വീട്ടില്‍ പ്രസവം നടത്തുകയായിരുന്നു. വിവരമന്വേഷിക്കാന്‍ ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍ ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് പ്രസവിച്ചെന്നും കുട്ടി മരിച്ചെന്നും മനസ്സിലായത്. അവശനിലയിലായ വിജിയെ പോലീസിന്റെ സഹായത്തോടെ ആശുപത്രിയിലാക്കിയിരുന്നു.

പോലീസ് സര്‍ജനാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടംചെയ്തത്. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ആനക്കൊമ്പിലെ പുരയിടത്തില്‍ മൃതദേഹം സംസ്‌കരിച്ചു.

ഇവരുടെ മറ്റ് മൂന്ന് കുട്ടികള്‍ക്ക് പഠനസൗകര്യം ഉള്‍പ്പെടെയുള്ളവ ഇല്ലെന്നത് ചൂണ്ടിക്കാട്ടി ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഇടുക്കി എസ്എച്ച്ഒ സന്തോഷ് സജീവ് പറഞ്ഞു.

Tags:    

Similar News