മരച്ചുവട്ടില്‍ കിടന്ന കടുവയെ കണ്ടത് തൊട്ടടുത്ത് എത്തിയപ്പോള്‍; ജീവന്‍ രക്ഷിക്കാന്‍ മരത്തില്‍ വലിഞ്ഞു കയറി 68കാരന്‍: നാട്ടുകാരെത്തി രക്ഷപ്പെടുത്തിയത് അരമണിക്കൂറിന് ശേഷം
മരച്ചുവട്ടിൽ കടുവ; രക്ഷപ്പെടാൻ മരത്തിൽ കയറി 68 വയസ്സുകാരൻ
കണ്ണൂര്‍: കൃഷിയിടത്തിലെ ശല്യക്കാരായ കുരങ്ങുകളെ തുരത്താന്‍ പോയ 68കാരന്‍ ചെന്ന് പെട്ടത് കടുവയുട മുന്നില്‍. കടുവയുടെ തൊട്ട് അടുത്ത് എത്തിയപ്പോഴാണ് വള്ളിക്കാവുങ്കല്‍ അപ്പച്ചന്‍ (മാത്യു) കടുവയെ കാണുന്നത്. പേടിച്ചു പോയ അപ്പച്ചന്‍ ജീവന്‍ രക്ഷിക്കാന്‍ ഉടന്‍ തൊട്ടടുത്ത് കണ്ട മരത്തില്‍ വലിഞ്ഞുകയറി. ഒടിഞ്ഞ കയ്യിലൊരു ഏറുപടക്കവും സിഗരറ്റ് ലൈറ്ററുമായി കൃഷിയിടത്തില്‍ നിന്നും വീട്ടിലേക്ക് നടക്കുമ്പോഴാണ് അപ്പച്ചന്‍ കടുവയുടെ മുന്നില്‍ ചെന്ന് പെട്ടത്.
എന്നാല്‍ ധൈര്യം കൈവിടാതെ തൊട്ടടുത്ത മരത്തില്‍ വലിഞ്ഞു കയറുകയായിരുന്നു ഇദ്ദേഹം. എന്നാല്‍ കാട്ടുപന്നിയെ കൊന്നുതിന്ന് വയര്‍ നിറച്ച കടുവ അപ്പച്ചനെ മൈന്‍ഡ് ചെയ്യാതെ മരച്ചുവട്ടിലും കിടന്നു. ഇരുവരുമങ്ങനെ 'മുഖാമുഖം നിന്നത്' മുക്കാല്‍ മണിക്കൂറാണ്. ഇതിന് ശേഷം അപ്പച്ചന്‍ മൊബൈലിലൂടെ വിവരം അറിയിച്ചത് അനുസരിച്ച് നാട്ടുകാരെത്തി രക്ഷപ്പെടുത്തുക ആയിരുന്നു.
ഒരുവര്‍ഷം മുന്‍പുണ്ടായ വീഴ്ചയില്‍ ഇടതുകൈയുടെ എല്ലൊടിഞ്ഞു ചികിത്സയിലായിരുന്നു അപ്പച്ചന്‍. ഒടിഞ്ഞ കൈയുടെ വേദന വകവയ്ക്കാതെയായിരുന്നു അപ്പച്ചന്റെ മരത്തില്‍ കയറ്റം. അങ്ങാടിക്കടവില്‍ താമസിക്കുന്ന വള്ളിക്കാവുങ്കല്‍ അപ്പച്ചന്‍ തന്റെ കൃഷിയിടത്തിലെ ശല്യക്കാരായ കുരങ്ങുകളെ തുരത്താനാണ് ഇന്നലെ രാവിലെ ഒന്‍പതോടെ ഏറുപടക്കവുമായി അട്ടയോലി മലയിലെത്തിയത്. ബന്ധുവിന്റെ പറമ്പില്‍ കുരങ്ങുകളുടെ അസാധാരണ ശബ്ദംകേട്ട് കുന്നിറങ്ങിച്ചെന്ന അപ്പച്ചന്‍ കണ്ടത് കൈകള്‍ നീട്ടിവച്ച് മരച്ചുവട്ടില്‍ വിശ്രമിക്കുന്ന കൂറ്റന്‍ കടുവയെ. കടുവയും അപ്പച്ചനും തമ്മില്‍ വെറും 3 മീറ്റര്‍ മാത്രം അകലം!
പേടിച്ച് സമീപത്തെ കശുമാവിനു മുകളിലേക്ക് കയറി. സഹായത്തിന് അലറിവിളിച്ചെങ്കിലും ആരും കേള്‍ക്കാനുണ്ടായിരുന്നില്ല. കയ്യിലുണ്ടായിരുന്ന ഫോണില്‍ സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ചതോടെയാണ് ആളെത്തിയത്. ഈ സമയമത്രയും കടുവ കിടന്നകിടപ്പില്‍ നിന്നെഴുന്നേറ്റില്ല. ഭയന്ന അപ്പച്ചന്‍ മരത്തില്‍നിന്ന് ഇറങ്ങിയുമില്ല. അങ്ങാടിക്കടവ് ടൗണില്‍നിന്ന് ചുമട്ടുതൊഴിലാളി ജയ്‌സന്റെയും ഡ്രൈവര്‍ ചന്ദ്രന്റെയും നേതൃത്വത്തില്‍ ഏതാനുംപേര്‍ സ്ഥലത്തെത്തിയാണ് അപ്പച്ചനെ താഴെയിറക്കിയത്. ഇവരെത്തിയതോടെ കടുവ സാവധാനം എഴുന്നേറ്റു നടന്നുനീങ്ങി. പൊലീസും വനപാലകരും സ്ഥലത്തെത്തി പരിശോധിച്ചു.