ലഹരി ഇടപാടിനു വേണ്ടി കൗമാരക്കാരെ ഒഡീഷയിലേക്ക് കടത്തിക്കൊണ്ടു പോയി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

ലഹരി ഇടപാടിനു വേണ്ടി കൗമാരക്കാരെ ഒഡീഷയിലേക്ക് കടത്തിക്കൊണ്ടു പോയി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

Update: 2025-10-04 04:02 GMT

പെരിന്തല്‍മണ്ണ: ലഹരി ഇടപാടിനായി കൗമാരക്കാരായ മൂന്ന് കുട്ടികളെ ഒഡീഷയിലേക്ക് കടത്തിക്കൊണ്ടുപോയ മൂന്നുപേര്‍ അറസ്റ്റില്‍. സെപ്റ്റംബര്‍ 14 മുതല്‍ 23 വരെയുള്ള ദിവസങ്ങളിലാണ് കുട്ടികളെ കടത്തിക്കൊണ്ടുപോയത്. 16 കാരന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. വാഴേങ്കട ബിടാത്തി ചോരമ്പറ്റ മുഹമ്മദ് റാഷിദ് (34), ചെര്‍പ്പുളശ്ശേരി ചളവറ കാളിയത്ത്പടി വിഷ്ണു (22), ചെര്‍പ്പുളശ്ശേരി കാറല്‍മണ്ണ പുതുപഴനി അശ്വിന്‍ (20) എന്നിവരാണ് വ്യാഴാഴ്ച പെരിന്തല്‍മണ്ണ പൊലീസിന്റെ പിടിയിലായത്. കേസിലെ പ്രധാന പ്രതി ഷാനിഫിനെ പിടികൂടാനായില്ല. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

കുട്ടികള്‍ക്ക് 25,000 രൂപയും ആവശ്യത്തിന് കഞ്ചാവും വാഗ്ദാനം ചെയ്താണ് തട്ടിക്കൊണ്ടു പോയത്. ആലിപ്പറമ്പിലെ ബിടാത്തിയില്‍ നിന്ന് ഒഡിഷയിലെ മുനിഗുഡയിലേക്കാണ് കുട്ടികളെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ട് പോയത്. കഴിഞ്ഞ 24-നാണ് പരാതിക്കാരനായ കുട്ടി തട്ടിക്കൊണ്ടുപോകല്‍ സംബന്ധിച്ച് മൊഴിനല്‍കുന്നത്. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ചെയ്തത്.

16-കാരനായ പരാതിക്കാരനെയും പ്രായപൂര്‍ത്തിയാകാത്ത മറ്റ് രണ്ട് സുഹൃത്തുക്കളെയും പ്രലോഭിപ്പിച്ച് ഒഡിഷയില്‍ കൊണ്ടുപോയി കഞ്ചാവ് കടത്തിന് പ്രേരിപ്പിച്ചെന്നാണ് കേസ്. ഒളിവില്‍ പോയ ഒന്നാം പ്രതി ഷാനിഫിന്റെ ഇടപാടുകളും സാമ്പത്തികസ്രോതസ്സുകളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. കൗമാരക്കാരെ ലഹരിക്കടത്തിനായി പ്രലോഭിപ്പിച്ച് കൊണ്ടുപോയതിനാല്‍ മനുഷ്യക്കടത്തിനാണ് കേസെടുത്തത്.

രണ്ടാം പ്രതി മുഹമ്മദ് റാഷിദിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. മുഹമ്മദ് റാഷിദ്, മൂന്നാംപ്രതി വിഷ്ണു എന്നിവര്‍ മുന്‍പും എന്‍ഡിപിഎസ് കേസുകളില്‍ ഉള്‍പ്പെട്ടതായി പൊലീസ് പറഞ്ഞു. സിഐ സുമേഷ് സുധാകരന്‍, ജൂനിയര്‍ എസ്ഐ അക്ഷയ്, സിപിഒമാരായ സല്‍മാന്‍, ജയന്‍, കൃഷ്ണപ്രസാദ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Tags:    

Similar News