പാചക വാതകം ചോര്‍ന്ന് പൊള്ളലേറ്റ ഒഡീഷ സ്വദേശി മരിച്ചു; മൂന്നു പേര്‍ ചികിത്സയില്‍ തുടരുന്നു
പാചക വാതകം ചോര്‍ന്ന് പൊള്ളലേറ്റ ഒഡീഷ സ്വദേശി മരിച്ചു
പഴയങ്ങാടി: പുതിയങ്ങാടിയിലെ വാടകവീട്ടില്‍ പാചകവാതകം ചോര്‍ന്ന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒഡിഷ സ്വദേശി മരിച്ചു. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന കോര്‍ദ്ര ജില്ലയിലെ ഭുസന്ത്പുര്‍ ബലിപത്തപുരിലെ സുഭാഷ് ബെഹ്‌റ (53) ആണ് മരിച്ചത്. സുഭാഷ് ബെഹ്‌റ ഉള്‍പ്പെടെയുള്ള നാല് മീന്‍പിടിത്ത തൊഴിലാളികള്‍ക്കാണ് പൊള്ളലേറ്റത്.
ശിബ ബെഹ്‌റ (34), നിഗം ബെഹ്‌റ (38), ജിതേന്ദ്ര ബെഹ്‌റ (30) എന്നിവര്‍ ആസ്പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ശിബ ബെഹ്‌റ, നിഗം ബെഹ്‌റ എന്നിവര്‍ക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. മൂന്നുപേരും അപകടനില തരണംചെയ്തിട്ടില്ലെന്നതാണ് വിവരം. വെള്ളിയാഴ്ച രാവിലെ ആറോടെയാണ് സംഭവം. വ്യാഴാഴ്ച രാത്രി ഗ്യാസ് സ്റ്റൗവിന്റെ നോബ് പൂര്‍ണമായും അടയ്ക്കാത്തതിനെ തുടര്‍ന്ന് വാതകം മുറിയില്‍ പടരുകയും രാവിലെ ലൈറ്റര്‍ കത്തിച്ചപ്പോള്‍ തീപിടിച്ച് മുറിക്കകത്തുണ്ടായ നാലുപേര്‍ക്കും പൊള്ളലേല്‍ക്കുകയുമായിരുന്നു.
പഴയങ്ങാടി പോലീസ് മൃതദേഹപരിശോധന നടത്തി. നാട്ടില്‍ നിന്നെത്തിയ മകന്‍ നബ കിഷോര്‍ ബെഹ്‌റ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ഏറ്റുവാങ്ങി പയ്യാമ്പലത്ത് സംസ്‌കരിച്ചു. ശങ്കര്‍ ബെഹ്‌റയാണ് സുഭാഷ് ബെഹ്‌റയുടെ അച്ഛന്‍. അമ്മ: പ്രമീള ബെഹ്‌റ. ഭാര്യ: സത്യഭാമ. മറ്റു മക്കള്‍: അവന്തിക, ഗായത്രി.