വണ്ടിവില 30.82 ലക്ഷം; ഫാന്‍സി നമ്പറിന് 8.54 ലക്ഷം: പുനലൂര്‍ ജോയിന്റ് ആര്‍ടി ഓഫീസില്‍ നടന്നത് വാശിയേറിയ ലേലം വിളി
വണ്ടിവില 30.82 ലക്ഷം; ഫാന്‍സി നമ്പറിന് 8.54 ലക്ഷം
പുനലൂര്‍: ഇടമണ്‍ സ്വദേശി 30.82 ലക്ഷം രൂപ നല്‍കി വാങ്ങിയ ഇന്നോവാ ഹൈക്രോസ് കാറിന് ഫാന്‍സി രജിസ്ട്രേഷന്‍ നമ്പര്‍ നേടാന്‍ ചെലവഴിച്ചത് 8.54 ലക്ഷം രൂപ. തിങ്കളാഴ്ച പുനലൂര്‍ ജോയിന്റ് ആര്‍ടി ഓഫീസിലാണ് കൗതുകമേറ്റിയ വിലപിടിപ്പുള്ള ലേലം നടന്നത്. കെഎല്‍-25 എസ്, 2525 എന്ന രജിസ്ട്രേഷന്‍ നമ്പറിനായി ലക്ഷങ്ങളുടെ വാശിയേറിയ ലേലം വിളി തന്നെയാണ് നടന്നത്
പുതുതായി വാങ്ങിയ ടോയോട്ട ഇന്നോവാ ഹൈക്രോസ് കാറിനുവേണ്ടി പുനലൂര്‍ ഇടമണ്‍ സ്വദേശിനിയാണ് വാഹനവിലയുടെ മൂന്നിലൊന്നോളം ചെലവഴിച്ച് ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയത്. ഇടമണ്‍ സ്വദേശിനിയുള്‍പ്പെടെ ആറുപേരാണ് ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുത്തത്. 17,000 രൂപയില്‍ തുടങ്ങിയ ലേലം വിളി 8.54 ലക്ഷം രൂപയില്‍ എത്തി നിന്നു. ഇതില്‍ പുനലൂര്‍ സ്വദേശിയായ പ്രവാസി വ്യവസായി 8.39 ലക്ഷം രൂപവരെ ലേലംവിളിച്ച് പിന്‍വാങ്ങി. തുടര്‍ന്നാണ് ഏറ്റവുമുയര്‍ന്ന തുകയായ 8.54 ലക്ഷത്തിന് ലേലം ഉറപ്പിച്ചത്.
പുനലൂര്‍ ജോയിന്റ് ആര്‍ടി ഓഫീസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും ഉയര്‍ന്ന തുകയ്ക്ക് ഫാന്‍സി നമ്പര്‍ ലേലംപോകുന്നത്. പുനലൂര്‍ സ്വദേശിയായ വ്യവസായി നാലുലക്ഷത്തിലധികം രൂപ മുടക്കി കാറിനായി നേടിയ ഫാന്‍സി നമ്പരാണ് ഇതിനുമുന്‍പ് ഉയര്‍ന്ന തുകയ്ക്ക് ലേലംകൊണ്ട രജിസ്ട്രേഷന്‍ നമ്പര്‍.