ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കവെ വീണു; ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ കുരുങ്ങി യാത്രക്കാരന്‍: രക്ഷകനായത് റെയില്‍വേ പോര്‍ട്ടര്‍

ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ കുരുങ്ങി യാത്രക്കാരൻ

Update: 2025-10-17 00:37 GMT

കൊച്ചി: നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കവെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ കുരുങ്ങിയ യാത്രക്കാരന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. റെയില്‍വേ പോര്‍ട്ടറുടെ സമയോചിതമായ ഇടപെടലാണ് നിലത്തേക്ക് വീണു പോയ യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ചത്. തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി എക്‌സ്പ്രസിലാണ് സംഭവം.

ട്രെയിന്‍ വ്യാഴാഴ്ച രാവിലെ 11.15ന് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം. ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ സാധനങ്ങള്‍ വാങ്ങാനായി പുറത്തിറങ്ങിയതായിരുന്നു തിരുവനന്തപുരത്ത് നിന്ന് കയറിയ യാത്രക്കാരന്‍. പക്ഷേ ട്രെയിന്‍ നീങ്ങിത്തുടങ്ങിയതോടെ ഓടിയെത്തിയ അദ്ദേഹം പിടിച്ചു കയറാന്‍ ശ്രമിച്ചെങ്കിലും നിലതെറ്റി താഴേക്കു വീണു. പ്ലാറ്റ്‌ഫോമില്‍ വീണു കിടക്കുന്ന യാത്രക്കാരനേയും കൊണ്ട് ട്രെയിന്‍ മുന്നോട്ടു പോയി.

ഇതുകണ്ട പ്ലാറ്റ്‌ഫോമിലൂടെ ഉന്തുവണ്ടി തള്ളിക്കൊണ്ടു വരുന്ന രമേഷ് എന്ന റെയില്‍വേ പോര്‍ട്ടര്‍ യാത്രക്കാരനെ വലിച്ചു മാറ്റുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട യാത്രികരില്‍ ഒരാള്‍ ഉടന്‍ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിക്കുകയും ചെയ്തു. പ്ലാറ്റ്‌ഫോമിലൂടെ ഉരഞ്ഞതിനെ തുടര്‍ന്ന് പരുക്കേറ്റെങ്കിലും യാത്രക്കാരന്‍ ഈ ട്രെയിനില്‍ തന്നെ പിന്നീട് യാത്ര തുടര്‍ന്നു.

Tags:    

Similar News