അറബിക്കടലിലെ ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രന്യൂനമര്‍ദ സാധ്യതയും; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെയും തീവ്രന്യൂനമര്‍ദത്തിന്റെയും സ്വാധീനത്താല്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വരുന്ന അഞ്ച് ദിവസം മഴ ഈ നിലയില്‍ തുടരാനാണു സാധ്യത. അറബിക്കടലില്‍ ഉയര്‍ന്ന തോതില്‍ കേരളതീരത്തിനു സമീപമുള്ള ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രന്യൂനമര്‍ദ സാധ്യതയുമാണു കേരളത്തില്‍ മഴ കനക്കാന്‍ കാരണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍നിന്ന് അധികൃതരുടെ നിര്‍ദേശപ്രകാരം ജനങ്ങള്‍ മാറിത്താമസിക്കണമെന്നു സര്‍ക്കാര്‍ അറിയിച്ചു. 12 ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ടും അഞ്ച് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ 24 വരെ മത്സ്യബന്ധനത്തിനു പോകാന്‍ വിലക്കുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്നു യെലോ അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറിനിടെ 115.6 മില്ലീമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെയും യെലോ അലര്‍ട്ടുള്ള ജില്ലകളില്‍ ഇതേ കാലയളവില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയും മഴ ലഭിച്ചേക്കും. മഴയ്‌ക്കൊപ്പം മിന്നലും മണിക്കൂറില്‍ 30 മുതല്‍ 40 വരെ കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്.