കാമുകനുമായി പിണങ്ങി; രാത്രിയില്‍ കാറോടിച്ച് എത്തിയ യുവതി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടി: രക്ഷിച്ച് പോലിസ്
കാറോടിച്ച് എത്തിയ യുവതി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടി: രക്ഷിച്ച് പോലിസ്
വണ്ണപ്പുറം: കാമുകനുമായുള്ള പിണക്കത്തെ തുടര്‍ന്ന് കാളിയാര്‍ പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെ പോലിസെത്തി രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാത്രി 11.30-നായിരുന്നു സംഭവം. യുവതി പാലത്തില്‍ നിന്നും താഴേക്കു ചാടുന്നത് കണ്ട വഴിയാത്രക്കാരനാണ് വിവരം പോലിസില്‍ അറിയിച്ചത്.
പുല്ലില്‍ പിടിച്ചു കിടന്ന യുവതിയെ കാളിയാര്‍ പോലീസും നാട്ടുകാരനായ യുവാവും ചേര്‍ന്നാണ് യുവതിയെ രക്ഷിച്ചത്. കുമളി സ്വദേശിനിയായ 26-കാരിയാണ് രാത്രി കാര്‍ ഓടിച്ചെത്തി പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയത്. വണ്ണപ്പുറം മുട്ടുകണ്ടത്ത് വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു യുവതി. ഇവിടെനിന്നാണ് കാറോടിച്ച് പാലത്തിലെത്തിയത്. തുടര്‍ന്ന് കാര്‍ പാലത്തില്‍ നിര്‍ത്തി യുവതി പുറത്തിറങ്ങുകയും പിന്നാലെ പുഴയിലേക്ക് ചാടുകയുമായിരുന്നു.
ഈ സമയം ഇതുവഴിയെത്തിയ ഒരാളാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് എസ്ഐ സജി.പി.ജോണ്‍, എഎസ്ഐ ഷൈലജ, എസ്സിപിഒ ജയേഷ് എന്നിവരും നാട്ടുകാരനായ യുവാവും ചേര്‍ന്ന് യുവതിയെ രക്ഷിക്കുകയായിരുന്നു. കാമുകനുമായുള്ള പിണക്കമാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കാന്‍ കാരണമായതെന്ന് പോലീസ് പറഞ്ഞു. പുഴയില്‍ പുല്ലില്‍ പിടിച്ച് കിടന്നതിനാലാണ് യുവതി മുങ്ങിപ്പോകാതിരുന്നതെന്നും പുഴയില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നതായും പോലീസ് പറഞ്ഞു.