കിഫക്കെതിരായ ഇടതു നോട്ടീസ്: നുണപ്രചരണങ്ങള്‍ അവസാനിപ്പിച്ച് പരസ്യസംവാദത്തിന് തയ്യാറാകണം: കിഫ

Update: 2025-12-08 09:10 GMT

ഇടുക്കി: പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍ഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റി കിഫയ്ക്കെതിരെ (KIFA) ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും, കാര്‍ഷിക വിഷയങ്ങളില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പരസ്യസംവാദത്തിന് തയ്യാറാകണമെന്നും കിഫ ചെയര്‍മാന്‍ അലക്‌സ് ഒഴുകയില്‍ ആവശ്യപ്പെട്ടു. കിഫ യുഡിഎഫിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്നും, പിരിവ് തട്ടിപ്പ് നടത്തുന്നുവെന്നുമുള്ള എല്‍ഡിഎഫ് നേതാക്കളുടെ പ്രചരണം രാഷ്ട്രീയ പാപ്പരത്തമാണ്. കര്‍ഷകരുടെ അവകാശങ്ങള്‍ക്കായി സുപ്രീം കോടതിയിലടക്കം നടക്കുന്ന നിയമപോരാട്ടങ്ങള്‍ക്കും കര്‍ഷകരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ആശയ പ്രചാരണത്തിനും ആണ് കര്‍ഷകര്‍ പണം നല്‍കുന്നത്.

കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന നോട്ടീസുകള്‍ ഇറക്കുന്നതിന് പകരം താഴെ പറയുന്ന 6 വിഷയങ്ങളില്‍ മറുപടി പറയാന്‍ എല്‍ഡിഎഫ് നേതൃത്വം തയ്യാറാകണം:

1. സിഎച്ച്ആര്‍ (CHR) വിഷയം: 2017 മുതല്‍ വനംവകുപ്പിന്റെ വാര്‍ഷിക റിപ്പോര്‍ട്ടുകളില്‍ സിഎച്ച്ആര്‍ വനമാണെന്ന് (2,10,503 ഏക്കര്‍) രേഖപ്പെടുത്തിയിരിക്കുന്നത് തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോ? ഒരേ സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ കോടതിയില്‍ വിരുദ്ധ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത് കര്‍ഷകരെ ദോഷകരമായി ബാധിക്കുന്നു.

2. നിര്‍മ്മാണ നിരോധനം: 1964-ലെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി, സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കര്‍ഷകരില്‍ നിന്ന് ഭീമമായ പിഴയും ഫീസും ഈടാക്കാനുള്ള നീക്കം ഉപേക്ഷിച്ച്, നിരുപാധികം നിര്‍മ്മാണങ്ങള്‍ ക്രമവല്‍ക്കരിക്കണം.

3. ചിന്നക്കനാല്‍ വനവല്‍ക്കരണം: ചിന്നക്കനാലിലെ 301 കോളനി ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ റിസര്‍വ്വ് ഫോറസ്റ്റായി പ്രഖ്യാപിച്ച വിജ്ഞാപനം പൂര്‍ണ്ണമായും റദ്ദാക്കണം.

4. ഭൂരഹിതര്‍ക്കുള്ള ഭൂമി: ടാറ്റയില്‍ നിന്ന് പിടിച്ചെടുത്തതടക്കം മാങ്കുളത്തും ഇരവികുളത്തും അനധികൃതമായി വനമാക്കി വെച്ചിരിക്കുന്ന ഭൂമി ഭൂരഹിതരായ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും വിതരണം ചെയ്യാന്‍ നടപടിയെടുക്കണം.

5. പട്ടയ പ്രശ്‌നം: റവന്യൂ രേഖകളില്‍ 'ഏലം' എന്ന് തെറ്റായി രേഖപ്പെടുത്തിയതുമൂലം തോപ്രാംകുടി മേഖലയിലടക്കം ആയിരക്കണക്കിന് കര്‍ഷകര്‍ക്ക് പട്ടയം നിഷേധിക്കപ്പെടുന്ന സാഹചര്യം അടിയന്തിരമായി പരിഹരിക്കണം.

6. വന്യമൃഗശല്യം: വന്യമൃഗങ്ങളില്‍ നിന്ന് ജീവന്‍ രക്ഷിക്കാന്‍ നടത്തുന്ന പ്രതിരോധത്തിന് കര്‍ഷകര്‍ക്കെതിരെ കേസെടുക്കില്ലെന്ന് (Section 11.2, Wildlife Protection Act) ഉറപ്പ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.

വ്യക്തിഹത്യ നടത്തുന്നതിന് പകരം ഈ വിഷയങ്ങളില്‍ കൃത്യമായ മറുപടി നല്‍കാനും കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാനുമാണ് എല്‍ഡിഎഫ് തയ്യാറാകേണ്ടതെന്ന് അലക്‌സ് ഒഴുകയില്‍ പ്രസ്താവിച്ചു

Tags:    

Similar News