പുഴയില്‍ മുങ്ങിത്താഴ്ന്ന മൂന്ന് വയസ്സുകാരനെ രക്ഷിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥി; സ്വന്തം ജീവന്‍ പണയം വെച്ചും പിഞ്ചുകുഞ്ഞിനെ രക്ഷിച്ച അനശ്വറിന് നാടിന്റെ അഭിനന്ദന പ്രവാഹം

പുഴയില്‍ മുങ്ങിത്താഴ്ന്ന മൂന്ന് വയസ്സുകാരനെ രക്ഷിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥി

Update: 2025-12-18 01:22 GMT

എറണാകുളം: പുഴയില്‍ മുങ്ങിത്താഴ്ന്ന പിഞ്ഞുകുഞ്ഞിനെ ജീവന്‍ പണയപ്പെടുത്തി രക്ഷിച്ച് പ്ലസ്ടു വിദ്യാര്‍ഥി. വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടാതെ പുഴക്കരയിലെത്തിയ മൂന്ന് വയസ്സുകാരന്‍ അക്ഷയ്ക്കാണ് പ്ലസ്ടു വിദ്യാര്‍ത്ഥിയായ അനശ്വര്‍ രക്ഷകനായത്. പെരിയാറിലെ ചേലാമറ്റം ക്ഷേത്രക്കടവില്‍ തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം.

ക്ഷേത്രത്തിന് സമീപം കൊടിമറ്റത്തില്‍ ഉദയകുമാര്‍- ശ്രീവിദ്യ ദമ്പതിമാരുടെ മകന്‍ മൂന്നുവയസ്സുള്ള അക്ഷയ് ആണ് പുഴയില്‍ വീണത്. കുഞ്ഞ് പുഴക്കടവിലെത്തിയ വിവരം വീട്ടുകാര്‍ അറിഞ്ഞതുമില്ല. ഈസമയം അമ്മ സിന്ധുവിനൊപ്പം കുളിക്കടവിലേക്ക് വരുകയായിരുന്നു അനശ്വര്‍ (അപ്പു). പുഴയില്‍ മുങ്ങിപ്പൊങ്ങുന്ന കുഞ്ഞിനെ ദൂരേനിന്നുകണ്ട അനശ്വര്‍ പുഴയിലേക്ക് എടുത്ത് ചാടി. അപ്പോഴേക്കും അടുത്തെത്തിയ സിന്ധു കുഞ്ഞിനെ തോളത്തുകിടത്തി കുടിച്ച വെള്ളം പുറത്തുകളഞ്ഞു. ഉടന്‍ കടവ് റോഡിലുള്ള വീട്ടിലും അവിടെനിന്ന് ആശുപത്രിയിലും എത്തിച്ചു. ചികിത്സയില്‍ കഴിയുന്ന കുഞ്ഞ് സുഖം പ്രാപിച്ചുവരുന്നു.

വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടാതെ 50 മീറ്ററോളം അകലെയുള്ള കടവില്‍ എത്തിയ കുട്ടി പുഴയില്‍ വീണ പന്തെടുക്കാനുള്ള ശ്രമത്തിനിടെ അബദ്ധത്തില്‍ വെള്ളത്തില്‍ വീണതാകാമെന്ന് കരുതുന്നു. ചേലാമറ്റം തോഴേലി കുടുംബാംഗമായ അനശ്വര്‍ ഒക്കല്‍ ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ്. നിയുക്ത ജില്ലാ പഞ്ചായത്തംഗം അഹല്യാ സദാനന്ദന്‍, ബ്ലോക്ക് അംഗം അമൃതാ സജിന്‍, ജിഷാ സൈജന്‍ എന്നിവര്‍ അനശ്വറിനെ വീട്ടിലെത്തി അഭിനന്ദിച്ചു.

Tags:    

Similar News