വീട്ടുകാര്‍ ഉത്സവത്തിന് പോയ തക്കം നോക്കി മോഷണം; കുമ്പള നായ്ക്കാപ്പില്‍ അഭിഭാഷകയുടെ വീട് കുത്തി തുറന്ന് 29 പവന്‍ സ്വര്‍ണവും കാല്‍ ലക്ഷം രൂപയുടെ വെള്ളിയും കവര്‍ന്നു

കുമ്പളയില്‍ അഭിഭാഷകയുടെ വീട് കുത്തി തുറന്ന് 29 പവന്‍ സ്വര്‍ണവും കവര്‍ന്നു

Update: 2026-01-20 01:28 GMT

കാസര്‍കോട്: കുമ്പള നായ്ക്കാപ്പില്‍ അഭിഭാഷകയുടെ വീട് കുത്തി തുറന്ന് വന്‍ കവര്‍ച്ച. അലമാരയില്‍ സൂക്ഷിച്ചിരുന്ന 29 പവന്‍ സ്വര്‍ണാഭരണങ്ങളും കാല്‍ ലക്ഷം രൂപയുടെ വെള്ളിയും കവര്‍ന്നു. നായ്ക്കാപ്പിലെ അഭിഭാഷകയായ ചൈത്രയുടെ വീട്ടിലാണ് നാടിനെ നടുക്കിയ മോഷണം നടന്നത്. വീട്ടുകാര്‍ ഉത്സവത്തിന് പോയ തക്കം നോക്കി വീട് കുത്തിത്തുറന്ന മോഷ്ടാക്കള്‍ അകത്ത് കടന്ന് മോഷണം നടത്തുക ആയിരുന്നു. 31 ലക്ഷത്തിലധികം രൂപയുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.

കൃത്യമായ ആസൂത്രണത്തോടെയാണ് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയതെന്ന് പോലീസ് സംശയിക്കുന്നു. ഈ കുടുംബത്തെ പരിചയമുള്ളവര്‍ തന്നെയാണോ മോഷണത്തിന് പിന്നിലെന്നും പോലിസ് അന്വേഷിക്കുന്നു. വീട്ടുകാര്‍ പുറത്തുപോകുന്ന സമയം കൃത്യമായി മനസ്സിലാക്കിയ ഒരാളോ അതിലധികമോ പേര്‍ മോഷണത്തിന് പിന്നിലുണ്ടെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ രാത്രി കണിപ്പുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്ര ഉത്സവത്തിന് പോകാനായി രാത്രി 6:30-നാണ് വീട്ടുകാര്‍ വീട് പൂട്ടി ഇറങ്ങിയത്. രാത്രി എട്ടു മണിക്ക് ഇവര്‍ തിരിച്ചെത്തി. ഒന്നര മണിക്കൂറിനുള്ളിലാണ് വന്‍ മോഷണം നടന്നത്. വീട്ടുകാര്‍ തിരിച്ചെത്തിയപ്പോള്‍ മുന്‍വാതില്‍ തുറന്ന് അകത്തു കയറിയ വീട്ടുകാര്‍ കണ്ടത് വീടിനുള്ളിലെ ലൈറ്റുകളെല്ലാം ഇട്ടു വെച്ചിരിക്കുന്നതാണ്. അലമാരകള്‍ കുത്തിത്തുറന്ന് വസ്ത്രങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു.

വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. സ്വര്‍ണ്ണത്തിന് പുറമെ 25,000 രൂപ വിലവരുന്ന വെള്ളിയാഭരണങ്ങളും അയ്യായിരം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. കാസര്‍കോട് പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു. നേരത്തെയും ഈ പ്രദേശത്ത് മോഷണങ്ങള്‍ നടന്നിട്ടുണ്ടെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ പൊലീസ് പെട്രോളിംഗ് ശക്തമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Tags:    

Similar News