സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടാന്‍ ശ്രമം; മൂന്നു പേര്‍ അറസ്റ്റില്‍
മുക്കുപണ്ടം പണയം വെച്ച് പണം തട്ടാന്‍ ശ്രമം; മൂന്നു പേര്‍ അറസ്റ്റില്‍
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ഫാര്‍മേര്‍സ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടാന്‍ ശ്രമം നടത്തിയ മൂന്നു പേര്‍ അറസ്റ്റില്‍. തങ്കയം വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കെ.പി മുഹമ്മദ് ഹബീബ് (42), ചീമേനി പെരുമ്പട്ട സ്വദേശികളായ മുഹമ്മദ് സാലി (42), മുഹമ്മദ് ഹാഷിം (36) എന്നിവരെയാണ് ചന്തേര സി.ഐ. കെ. പ്രശാന്ത് അറസ്റ്റു ചെയ്തത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ബാങ്കിന്റെ ഒളവറ ശാഖയിലാണ് തട്ടിപ്പിനു ശ്രമം നടന്നത്.
ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അപ്രൈസര്‍ പണ്ടം പരിശോധിച്ചപ്പോഴാണ് ഉരുപ്പടി വ്യാജനാണെന്ന് തിരിച്ചറിഞ്ഞത്. മൂന്നു പേരടങ്ങുന്ന സംഘം നാലുവളകളുമായാണ് പണയം വയ്ക്കാന്‍ ബാങ്കിലെത്തിയത്. ഒരാള്‍ താഴെ നിന്നു. രണ്ടു പേര്‍ മുകളിലത്തെ നിലയിലെത്തി.ഇതിനിടയില്‍ പന്തികേട് തോന്നിയ സംഘത്തിലെ രണ്ടു പേര്‍ വാഹനത്തില്‍ കയറി രക്ഷപ്പെട്ടു. ഒരാളെ ജീവനക്കാര്‍ തടഞ്ഞുവെച്ച് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ചന്തേര പൊലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടി. ഇയാളില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റു രണ്ടു പേരെക്കുറിച്ചുള്ള വിവരം കിട്ടിയതും പിടികൂടിയതും. ദിവസങ്ങള്‍ക്ക് മുന്‍പ് ഇതേ സംഘം തൃക്കരിപ്പൂരിലെ മറ്റൊരു ധനകാര്യ സ്ഥാപനത്തിലും ഇതേ രീതിയില്‍ തട്ടിപ്പ് നടത്താനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും ജീവനക്കാരുടെ ജാഗ്രത കാരണം പാളിപ്പോവുകയുമായിരുന്നു.പിടിയിലായ കെ.പി മുഹമ്മദ് ഹബീബ്, മുഹമ്മദ് സാലി, മുഹമ്മദ് ഹാഷിം.