കെയ്ന്‍സ് ടെക്നോളജിയുടെ ആദ്യ ഉല്‍പാദന യൂണിറ്റ് പെരുമ്പാവൂര്‍ കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍; തുടങ്ങുന്നത് അസാധ്യമെന്ന് പലരും കരുതിയ കാര്യം: മന്ത്രി പി. രാജീവ്
പെരുമ്പാവൂരില്‍ തുടങ്ങുന്നത് അസാധ്യമെന്ന് പലരും കരുതിയ കാര്യം: മന്ത്രി പി. രാജീവ്
പെരുമ്പാവൂര്‍: അടുത്ത പതിനാറു മാസക്കാലംകൊണ്ട് പെരുമ്പാവൂരിന്റെ മുഖച്ഛായ മാറ്റാനുതകുന്ന വ്യവസായ പദ്ധതിക്കാണ് ട്രാവന്‍കൂര്‍ റയോണ്‍സില്‍ നിന്ന് കിന്‍ഫ്ര ഏറ്റെടുത്ത ഭൂമിയില്‍ തുടക്കമിട്ടിരിക്കുന്നതെന്ന് വ്യവസായ വകുപ്പു മന്ത്രി പി. രാജീവ് പറഞ്ഞു. ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക്സ് സിസ്റ്റം ആന്‍ഡ് ഡിസൈന്‍ മാനുഫാക്ചറിംഗ് (ഇഎസ്ഡിഎം) കമ്പനിയായ കെയ്ന്‍സ് ടെക്നോളജിയുടെ ആദ്യ ഉല്‍പാദന യൂണിറ്റ് പെരുമ്പാവൂര്‍ കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതോടൊപ്പം രണ്ടാംഘട്ടത്തിന്റെ നിര്‍മാണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. അടുത്ത രണ്ടു ഘട്ടങ്ങള്‍കൂടി എട്ടുമാസംവീതമെടുത്ത് പൂര്‍ത്തിയാക്കുമെന്ന് കെയിന്‍സിന്റെ മാനേജ്‌മെന്റ് മന്ത്രിക്ക് വേദിയില്‍ വച്ച് ഉറപ്പുനല്‍കി.
മൂന്നു പതിറ്റാണ്ടിലധികമായി കാടുപിടിച്ചു നശിച്ചുകിടന്ന ട്രാവന്‍കൂര്‍ റയോണ്‍സിന്റെ ഭൂമിയില്‍ ലോകത്തിലെ ഏറ്റവും മികച്ച ഇലക്ട്രോണിക്‌സ് കമ്പനിയെ കൊണ്ടുവരാനായത് അഭിമാനകരമായ കാര്യമാണ്. ഇവിടെ ഇതു നടക്കുമെന്ന് പലരും കരുതിയില്ല. പക്ഷേ, ഈ സര്‍ക്കാര്‍ ഒരു കാര്യം നടത്തണമെന്ന് തീരുമാനിച്ചാല്‍ നടത്തിയിരിക്കുമെന്ന് മന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിനു മുന്‍പ് തമിഴ്‌നാട് സ്വദേശികള്‍ക്ക് കൈമാറിയ ഭൂമിയില്‍ തുടങ്ങിയ ട്രാവന്‍കൂര്‍ റയോണ്‍സ് കെടുകാര്യസ്ഥത മൂലം പതനത്തിലേക്കു പോകുകയും സ്ഥാപനം ഘട്ടം ഘട്ടമായി പൂട്ടുകയുമായിരുന്നു. സാജൂ പോള്‍ എംഎല്‍എ ആയിരുന്നപ്പോള്‍ ഈ ഭൂമി സംബന്ധിച്ച് എട്ട് സബ്മിഷനുകളാണ് നിയമസഭയില്‍ കൊണ്ടുവന്നത്. അന്നൊക്കെ ഇവിടെ വന്നേക്കുമെന്ന് അതതു സമയത്തെ മന്ത്രിമാര്‍ ഉറപ്പു നല്‍കിയ പദ്ധതികളൊന്നും നടപ്പായില്ലെന്ന് ഓരോ സബ്മിഷനിയേലും ചോദ്യങ്ങളും ഉത്തരങ്ങളും വായിച്ചുകൊണ്ടാണ് മന്ത്രി വിശദീകരിച്ചത്.
കിന്‍ഫ്ര ഏറ്റെടുത്ത ഭൂമിയില്‍ സ്റ്റേഡിയം നിര്‍മിക്കാന്‍ അനുമതി നല്‍കുമോയെന്ന് ഇപ്പോഴത്തെ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി നിയമസഭയില്‍ ചോദിച്ചെങ്കിലും ഭൂമി വ്യവസായാവശ്യത്തിനായി ഏറ്റെടുത്തതായതിനാല്‍ അതിന് സാധിക്കില്ലെന്ന് മറുപടി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനം കെയിന്‍സിന്റെ മാനേജ്‌മെന്റ് പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അവരെ ഇവിടേക്ക് ക്ഷണിച്ചത്. തുടര്‍ന്ന് ഇന്‍വെസ്റ്റ് കേരള നിക്ഷേപ സംഗമത്തില്‍ ധാരണാപത്രം ഒപ്പു വച്ചു. ഭൂമി കൈമാറിക്കിട്ടയപ്പോള്‍തന്നെ നിലവിലുണ്ടായിരുന്ന ക്ലബ് ഹൗസ് നവീകരിച്ച് ആദ്യ യൂണിറ്റ് തുടങ്ങാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നു. അമേരിക്കയില്‍ ജോലി ചെയ്തിരുന്ന നാലു മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇവിടുത്തെ ഗവേഷണ വിഭാഗത്തിലൂടെ നാട്ടിലേക്ക് തിരിച്ചെത്താനായെന്നും കേരളത്തില്‍ നടക്കുന്ന റിവേഴ്‌സ് മൈഗ്രേഷന്റെ ഉദാഹരണമാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പെരുമ്പാവൂര്‍ മണ്ഡലത്തില്‍ 2500 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ ഈ സര്‍ക്കാരിനു സാധിച്ചത് ഭരണ പ്രതിപക്ഷ ഭേദമില്ലാതെ നാടിനുവേണ്ടി മുന്നോട്ടുപോകുകയെന്ന സര്‍ക്കാര്‍ കാഴ്ചപ്പാടിന്റെ തെളിവാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
പെരുമ്പാവൂരില്‍ വെറുതേ കിടന്നിരുന്ന ഭൂമിയില്‍ മുടങ്ങിപ്പോയതിനേക്കാള്‍ വലിയ കമ്പനിയെ കൊണ്ടുവരാന്‍ സാധിച്ചതില്‍ മന്ത്രി പി. രാജീവിനെ അധ്യക്ഷത വഹിച്ച എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ അഭിനന്ദിച്ചു. പൂട്ടിപ്പോയ മുന്‍ കമ്പനിയിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും മറ്റും മുന്‍ വ്യവസായ മന്ത്രിമാരായിരുന്ന ഇ.പി.ജയരാജനും എ.സി. മൊയ്തീനും വലിയ സഹായമാണ് ചെയ്തിട്ടുള്ളതെന്നും എല്‍ദോസ് കുന്നപ്പള്ളി ചൂണ്ടിക്കാട്ടി.
എഐ ക്യാമറ നിര്‍മാണവുമായി ബന്ധപ്പെട്ട് കെല്‍ട്രോണും കെയ്‌നസ് ടെക്‌നോളജിയും തമ്മിലുള്ള ധാരണാപത്രവും ചടങ്ങില്‍ ഒപ്പവച്ചു. പെരുമ്പാവൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.എന്‍. സംഗീത, കിന്‍ഫ്ര എം.ഡി. സന്തോഷ് കോശി തോമസ്, കെല്‍ട്രോണ്‍ എംഡി: ശ്രീകുമാര്‍ നായര്‍, കെയ്ന്‍സ് ടെക്‌നോളജി ചെയര്‍പേഴ്‌സണ്‍ സവിത രമേഷ്, കെയ്ന്‍സ് സ്ഥാപകനും എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാനുമായ രമേഷ് കുഞ്ഞിക്കണ്ണന്‍, മാനേജിംഗ് ഡയറക്ടര്‍ ഡോ. എന്‍. മുത്തുകുമാര്‍, മുന്‍ എംഎല്‍എ സാജു പോള്‍, കൗണ്‍സിലര്‍മാരായ വി.പി. ബാബു, ഷാജി കുന്നത്താന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വാഹനങ്ങള്‍, വ്യവസായം, റയില്‍വേ, മെഡിക്കല്‍, വ്യോമയാനം തുടങ്ങി ആഗോളതലത്തില്‍ വിവിധ മേഖലകളിലേക്ക് ആവശ്യമായ ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ രൂപകല്‍പനചെയ്ത് നിര്‍മിക്കുന്ന, മൈസൂര്‍ ആസ്ഥാനമായ കെയ്ന്‍സിന് നിലവില്‍ കേരളത്തിനു പുറത്ത് എട്ട് ഇടങ്ങളിലാണ് ഉല്‍പാദന യൂണിറ്റുകളുള്ളത്. കേരളത്തില്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍വ്വീസ് സെന്റര്‍ മാത്രമായിരുന്നു ഇതുവരെയുള്ള സാന്നിധ്യം.
