മാലിദ്വീപിന് സമീപം ചക്രവാതചുഴി; പസഫിക്ക് സമുദ്രത്തിൽ ലാനിനയുടെ സാന്നിധ്യം; കേരള തീരത്ത് ജാഗ്രത; കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; അഞ്ച് ദിവസം മഴ മുന്നറിയിപ്പ്!
തിരുവനന്തപുരം: കാലാവസ്ഥയിൽ വീണ്ടും മാറ്റം. പസഫിക്ക് സമുദ്രത്തിൽ ലാനിനയുടെ സൂചനയെന്ന് കാലാവസ്ഥ വിദഗ്ധര്‍ വ്യക്തമാക്കി. അറബിക്കടലിൽ ആഗോള മഴപാത്തിയുടെ സാന്നിധ്യവും ഉണ്ട്. മാലിദ്വീപിനും ഭൂമധ്യ രേഖക്കും സമീപം ചക്രവാതചുഴി ഉണ്ടെന്നും കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകി.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള- തമിഴ്‌നാട് തീരങ്ങളിൽ ഇന്ന് വൈകിട്ട് 05.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം വ്യക്തമാക്കി. അതുപോലെ കടലാക്രമണത്തിന് സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുകയും വേണം.
അതേസമയം, അടുത്ത അഞ്ച് ദിവസത്തെ മഴ മുന്നറിയിപ്പും പുറത്തുവിട്ടു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ഈ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് പറയുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.