ട്രെയിനിന്റെ മുന്‍വശത്ത് ശരീരം അറ്റുപോയ നിലയിൽ യുവാവിന്റെ മൃതദേഹം; പഴ്‌സില്‍ നിന്നും ഐഡി കാര്‍ഡ് ലഭിച്ചു; മരിച്ചത് അതിഥി തൊഴിലാളിയെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം
കോഴിക്കോട്: ഫറോക്ക് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ ട്രെയിനിന്റെ മുന്‍വശത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. ഇന്ന് രാവിലെ പത്തോടെയാണ് സംഭവം. ശരീരം അറ്റുപോയ നിലയിലായിരുന്നു മൃതദേഹം. കോഴിക്കോട് കല്ലായി- ഫറോക്ക് റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് ഇടയില്‍ വെച്ചാണ് അപകടം നടന്നതെന്നാണ് ലഭിക്കുന്ന സൂചന.
ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിന്റെ എന്‍ജിന്റെ മുന്‍വശത്തായാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളുടെ പഴ്‌സില്‍ നിന്നും ഐഡി കാര്‍ഡ് ലഭിച്ചതായി ഫറോക്ക് പോലീസ് അധികൃത വ്യക്തമാക്കി. തിരിച്ചറിയൽ കാർഡിലെ വിവരങ്ങൾ വെച്ച് മരണപ്പെട്ടത് അതിഥി തൊഴിലാളിയാണെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്.
സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ അല്‍പ സമയം ഫറോക്ക് റെയില്‍വേ സ്‌റ്റേഷനില്‍ പിടിച്ചിട്ടു. ശേഷം പോലീസെത്തി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷമാണ് ട്രെയിൻ മടങ്ങിയത്. യുവാവിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.