ഫണ്ട് വാങ്ങി കേന്ദ്രത്തിന് വഴങ്ങിയവരാണ് കോണ്‍ഗ്രസ്; ഏതു ഡീലിന്റെ അടിസ്ഥാനത്തിലാണ് രാജസ്ഥാന്‍ പി എം ശ്രീയില്‍ ഒപ്പിട്ടതെന്ന് യുഡിഎഫ് വ്യക്തമാക്കണം: മന്ത്രി പി രാജീവ്

ഫണ്ട് വാങ്ങി കേന്ദ്രത്തിന് വഴങ്ങിയവരാണ് കോണ്‍ഗ്രസ്

Update: 2025-10-26 14:52 GMT

കൊച്ചി: പിഎം ശ്രീ പദ്ധതിയില്‍ ബദല്‍സംവിധാനത്തിനു പോകാതെ ഫണ്ട് വാങ്ങി കേന്ദ്രത്തിന് വഴങ്ങിയവരാണ് കോണ്‍ഗ്രസെന്ന് കുറ്റപ്പെടുത്തി വ്യവസായമന്ത്രി പി രാജീവ്. ഏതു ഡീലിന്റെ അടിസ്ഥാനത്തിലാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ ഇതേ പദ്ധതിയില്‍ ഒപ്പിട്ടതെന്ന് യുഡിഎഫ് വ്യക്തമാക്കണം. ഒരു വ്യവസ്ഥയുമില്ലാതെ ദേശീയ വിദ്യാഭ്യാസ പദ്ധതി (എന്‍ഇപി) നടപ്പാക്കിയവരാണ് അവരെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

ആര്‍എസ്എസിന് വിധേയമായി നയങ്ങള്‍ നടപ്പാക്കിയ സര്‍ക്കാരാണ് കോണ്‍ഗ്രസിന്റേത്. ആര്‍എസ്എസ് ഏറ്റവും ശരിയായ സംഘടനയാണെന്ന് പ്രഖ്യാപിച്ച ഉപമുഖ്യമന്ത്രിയുള്ള രാഷ്ട്രീയ പാര്‍ടിയാണ് കോണ്‍ഗ്രസ്. കേരളത്തിന് അര്‍ഹമായ ഫണ്ട് കേന്ദ്രം തടഞ്ഞുവച്ചപ്പോള്‍ മാധ്യമങ്ങള്‍ മൗനം പാലിച്ചു. കേന്ദ്രസമീപനത്തെ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ദേശീയ വിദ്യാഭ്യാസ പദ്ധതിയില്‍ എതിര്‍ത്ത കാര്യങ്ങള്‍ നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിക്ക് ബദലായി കേരളം പുതിയ പാഠപുസ്തകങ്ങള്‍ അച്ചടിച്ചുനല്‍കി. വിഷയത്തില്‍ ചര്‍ച്ച നടത്തി ഐക്യത്തോടെ പോകാനുള്ള സാഹചര്യം ഇടതുപക്ഷ മുന്നണിയിലുണ്ട്. വിഷയത്തില്‍ നിയമവകുപ്പ് ഉപദേശം നല്‍കുന്നത് സാധാരണമാണ്. അതനുസരിച്ച് അതാത് വകുപ്പിന് സ്വയം തീരുമാനമെടുക്കാമെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News