പീച്ചി ഡാം റിസർവോയർ അപകടം; ചികിത്സയിലായിരുന്ന ഒരു പെൺകുട്ടി കൂടി മരണത്തിന് കീഴടങ്ങി; വിടവാങ്ങിയത് പട്ടിക്കാട് സ്വദേശിനി എറിൻ; ഇതോടെ മരണം മൂന്നായി; കണ്ണീരോടെ ഉറ്റവർ!

Update: 2025-01-14 15:15 GMT

തൃശ്ശൂർ: കഴിഞ്ഞ ദിവസമാണ് നാടിനെ ഞെട്ടിച്ച് സുഹൃത്തിന്‍റെ വീട്ടില്‍ പെരുനാള്‍ ആഘോഷത്തിനെത്തിയ കൂട്ടുകാരികൾ ഡാം റിസര്‍വോയറില്‍ അപകടത്തിൽപ്പെട്ടത്. ഉടനെ തന്നെ പീച്ചി ഡാം റിസർവോയറിൽ വീണ നാല് പെൺകുട്ടികളെയും നാട്ടുകാര്‍ പെട്ടെന്ന് തന്നെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചുവെങ്കിലും ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന തൃശൂർ പട്ടിക്കാട് സ്വദേശി അലീന അന്ന് പുലര്‍ച്ചെയോടെ മരിച്ചിരിന്നു.

ഇപ്പോഴിതാ, തൃശൂർ പീച്ചി ഡാം റിസർവോയർ അപകടത്തില്‍ മരണം മൂന്നായി ഉയർന്നു. റിസർവോയറിൽ വീണ് ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു. പട്ടിക്കാട് സ്വദേശിനി എറിൻ (16) ആണ് മരിച്ചത്.

പ്ലസ് വൺ വിദ്യാർഥിനിയാണ് എറിൻ. അലീന (16), ആൻ ഗ്രേയ്സ് (16) എന്നിവർ നേരത്തെ മരിച്ചിരുന്നു. ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പീച്ചി സ്വദേശിനി നിമ (13) ഗുരുതരാവസ്ഥ തരണം ചെയ്തെങ്കിലും ചികിത്സയിൽ തുടരുകയാണ്.

പീച്ചി ഡാം ജലസംഭരണിയുടെ കൈവഴിയിൽ തെക്കേക്കുളം ഭാഗത്താണ് അപകടമുണ്ടായത്. പീച്ചി ലൂർദ് മാതാ പള്ളിയിലെ തിരുനാൾ ആഘോഷത്തിന് എത്തിയതായിരുന്നു ഹിമയുടെ സഹപാഠികൾ. ഡാമിലെ ജലസംഭരണി കാണാൻ ഹിമയുടെ സഹോദരി ഉൾപ്പടെ അഞ്ച് പേർ ചേർന്നാണ് പുറപ്പെട്ടത്. പാറപ്പുറത്തിരിക്കുന്നതിനിടെ രണ്ട് പേർ കാൽവഴുതി വെള്ളത്തിലേക്ക് വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു രണ്ട് പേരും വീണു. പാറക്കെട്ടിനു താഴെ കയമുണ്ടായിരുന്നു. അതിൽ അകപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.

Tags:    

Similar News