ഓരോ വിദ്യാര്‍ത്ഥിയിലും അന്തര്‍ലീനമായിരിക്കുന്ന കലാകാരനെ ഉണര്‍ത്തിയെടുക്കാനുള്ള പ്രക്രിയ കൂടിയാവണം വിദ്യാഭ്യാസം; മനുഷ്യന്റെ പൂര്‍ണ്ണമായ ജീവിതത്തെ അഭിസംബോധന ചെയ്യുന്നതാവണം വിദ്യാഭ്യാസമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഓരോ വിദ്യാര്‍ത്ഥിയിലും അന്തര്‍ലീനമായിരിക്കുന്ന കലാകാരനെ ഉണര്‍ത്തിയെടുക്കാനുള്ള പ്രക്രിയ കൂടിയാവണം വിദ്യാഭ്യാസമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ വിദ്യാര്‍ത്ഥികളും അതുല്യ പ്രതിഭകളായ കലാപ്രവര്‍ത്തകര്‍ ആകണമെന്നില്ല. എന്നിരിക്കിലും ഓരോ വിദ്യാര്‍ത്ഥിയിലും അന്തര്‍ലീനമായിരിക്കുന്ന കലാപരമായ കഴിവുകള്‍ പ്രകാശിപ്പിക്കാന്‍ കൂടി വിദ്യാഭ്യാസത്തിനു കഴിയണം. കുട്ടികളിലെ കലാപരമായ ശേഷികളെ മാത്രമല്ല, അവരിലെ നന്മകളെ കൂടി പ്രകാശിപ്പിച്ചെടുക്കാന്‍ കഴിയണം. ചുരുക്കത്തില്‍ ഒരു മനുഷ്യന്റെ പൂര്‍ണ്ണമായ ജീവിതത്തെ അഭിസംബോധന ചെയ്യുന്നതാവണം വിദ്യാഭ്യാസം എന്ന പ്രക്രിയ എന്നും മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാന സ്‌കൂള്‍ കലോത്സവം - മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം
പ്രിയപ്പെട്ട വിദ്യാര്‍ത്ഥിനീ വിദ്യാര്‍ത്ഥികളെ, സഹോദരീ സഹോദരന്‍മാരെ, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലോത്സവമായി വളര്‍ന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കമാവുകയാണ്. ഈ മേളയില്‍ പതിനയ്യായിരത്തോളം കലാപ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. 25 വേദികളിലായി അരങ്ങേറുന്ന ഈ കലാമേളയില്‍ പങ്കാളികളാകുന്ന ഏവര്‍ക്കും വിജയാശംസകള്‍ നേരുന്നു.
ഈ കലോത്സവത്തോടൊപ്പം സംസ്‌കൃതോത്സവവും അറബിക് സാഹിത്യോത്സവവും നടക്കുകയാണ്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ചരിത്രത്തില്‍ ആദ്യമായി തദ്ദേശീയ ജനതയുടെ അഞ്ച് നൃത്തരൂപങ്ങള്‍ കൂടി മത്സരയിനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രാക്തന കലകളുടെയും ക്ലാസിക് കലകളുടെയും എല്ലാം സംഗമവേദിയാവുകയാണ് ഈ കലോത്സവം. ഏറെ അഭിമാനകരമാണിത്.
കേരളത്തിന്റെ കലാ-സാംസ്‌കാരിക രംഗത്തെ സംബന്ധിച്ച് വലിയൊരു നഷ്ടം സംഭവിച്ച വര്‍ഷമാണ് കടന്നുപോയിരിക്കുന്നത്. എഴുത്തുകാരന്‍, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന്‍, പത്രാധിപര്‍ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ. എം ടി വാസുദേവന്‍ നായര്‍ വിടവാങ്ങിയ വര്‍ഷമാണ് കടന്നുപോകുന്നത്. എല്ലാ വര്‍ഷവും അദ്ദേഹത്തിന്റെ കലാസൃഷ്ടികള്‍ക്ക് വ്യത്യസ്തമായ വ്യാഖ്യാനങ്ങള്‍ ഉണ്ടാകുന്ന വേദിയാണ് സ്‌കൂള്‍ കലോത്സവം. അതുകൊണ്ടുതന്നെ ഈ വേദിയില്‍ വെച്ച് അദ്ദേഹത്തിന്റെ സ്മരണകള്‍ക്കു മുമ്പില്‍ പ്രണാമം അര്‍പ്പിക്കുന്നു.
കേരളത്തെയാകെ ദുഃഖത്തിലാഴ്ത്തിയ മുണ്ടക്കൈ-ചൂരല്‍മല ദുരന്തം നടന്നത് കഴിഞ്ഞ വര്‍ഷമാണ്. അതിന്റെ ആഘാതത്തില്‍ അവിടങ്ങളിലെ കുട്ടികളുടെ പഠനം മുടങ്ങുന്ന സാഹചര്യമുണ്ടായി. അതിനെ മറികടക്കാനുള്ള സത്വരമായ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോയി. കുട്ടികള്‍ക്ക് പഠനസൗകര്യങ്ങള്‍ ഒരുക്കിയും പഠനോപകരണങ്ങള്‍ ലഭ്യമാക്കിയും നാം അവരെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ചുകൊണ്ടുവന്നു. ആ ദുരന്തത്തെ അതിജീവിച്ച വെള്ളാര്‍മല ജി എച്ച് എസിലെ വിദ്യാര്‍ത്ഥികള്‍ ഇന്ന് ഈ വേദിയില്‍ സംഘനൃത്തം അവതരിപ്പിക്കുകയാണ്. ആ നിലയ്ക്ക്, കലാപ്രകടനം എന്നതിലുപരി അതിജീവനത്തിന്റെ കൂടി നേര്‍ക്കാഴ്ചയാവുകയാണ് ഈ കലോത്സവ വേദി എന്നതില്‍ അതിയായ സന്തോഷമുണ്ട്.
വലിയൊരു പാരമ്പര്യത്തിന്റെ ഇങ്ങേയറ്റത്തെ കണ്ണികളാകുന്നവരാണ് ഇവിടെ പങ്കെടുക്കുന്ന ഓരോ കുട്ടിയും. കലോത്സവ വേദികളില്‍ മാറ്റുരച്ച നിരവധി പ്രതിഭകള്‍ കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളില്‍ പിന്നീട് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ആ ബൃഹത്പാരമ്പര്യം ഉള്‍ക്കൊണ്ടുവേണം ഈ കലോത്സവങ്ങളില്‍ പങ്കെടുക്കാന്‍. അങ്ങനെ നമ്മുടെ സാംസ്‌കാരിക രംഗത്തേയും ആസ്വാദന രീതികളേയും മാറ്റിമറിക്കുന്ന കലാസൃഷ്ടികള്‍ നടത്താന്‍ നിങ്ങള്‍ക്കു കഴിയും എന്നു പ്രതീക്ഷിക്കുകയാണ്.
നമ്മുടെ നാടിന്റെ സാംസ്‌കാരിക ഉന്നമനത്തിനായി നാളെ ഈ സമൂഹത്തെ ഒന്നടങ്കം മുന്നില്‍നിന്നു നയിക്കേണ്ടവരാണ് ഇതില്‍ പങ്കെടുക്കുന്ന നിങ്ങള്‍ ഓരോരുത്തരും. ആ ബോധ്യത്തോടെയുള്ള ഈ കലോത്സവത്തിലെ പങ്കാളിത്തമാണ് വിജയത്തേക്കാള്‍ വലിയ നേട്ടം. ആ തിരിച്ചറിവോടെ ഇതില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും കഴിയട്ടെ.
മനുഷ്യര്‍ പൊതുവെ ഉത്സവപ്രിയരാണ്. ജീവിതദുരന്തങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ പോലും ജീവിതം ഒരു ഉത്സവമാക്കുന്നതിനെ കുറിച്ചുള്ള സ്വപ്നങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്നവരാണ്. അത്തരം സ്വപ്നങ്ങളാണ് വലിയ ജനകീയ വിപ്ലവങ്ങള്‍ക്കും സാമൂഹ്യവ്യവസ്ഥാ മാറ്റങ്ങള്‍ക്കും വഴിവെച്ചിട്ടുള്ളത് എന്നതിനു ലോകചരിത്രത്തില്‍ തന്നെ എത്രയോ ഉദാഹരണങ്ങളാണുള്ളത്. ഉത്സവങ്ങള്‍ കൗമാരക്കാരുടേയും യുവജനങ്ങളുടേതുമാകുമ്പോള്‍ അതിന് കൂടുതല്‍ ഓജസ്സും ഊര്‍ജസ്വലതയും കൈവരുന്നു. ആ ചടുലത ഇവിടുത്തെ ഓരോ വേദിയിലും നമുക്ക് കാണാനാവും.
ഒരു ദേശത്തിലെ മുഴുവന്‍ കൗമാര പ്രതീക്ഷകളും വര്‍ഷത്തിലൊരിക്കല്‍ ഒരിടത്ത് ഒത്തുകൂടി മികവു പ്രകടിപ്പിക്കുന്ന രീതി ലോകത്ത് മറ്റെവിടെയെങ്കിലുമുണ്ടോ എന്ന കാര്യം സംശയമാണ്. ഒരു തലമുറയുടെ മുഴുവന്‍ സര്‍ഗവൈഭവവും ആശകളും പ്രതീക്ഷകളും ആശയലോകവും ആദര്‍ശലോകവുമാണ് ഇവിടങ്ങളില്‍ മാറ്റുരയ്ക്കപ്പെടുന്നത് എന്നു നിസ്സംശയം പറയാം.
മനുഷ്യന്‍ ഇതുവരെ ആര്‍ജിച്ച എല്ലാത്തരം കലാവൈഭവങ്ങളുടെയും വിചിത്രവും മായികവുമായ ഒരു ലോകം നിങ്ങള്‍ക്കിവിടങ്ങളില്‍ ദര്‍ശിക്കാനാകും. മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ശിക്ഷണങ്ങളുടെയും സമര്‍പ്പണത്തിന്റെയും ഫലമാണ് ഈ പ്രകടനം. അന്യംനിന്നു പോവുന്ന ഒട്ടേറെ നാടന്‍കലകളും അനുഷ്ഠാനകലകളും ഇതിലൂടെ അതിജീവിച്ചു നിലനില്‍ക്കുന്നു.
നാട്ടിന്‍പുറങ്ങളിലെ ഉള്‍പ്പെടെ അനേകം കലാചാര്യന്മാരാണ് ഇതുവഴി പരോക്ഷമായി മാനിക്കപ്പെടുകയും വാഴ്ത്തപ്പെടുകയും ചെയ്യുന്നത്. അവരുള്ളതുകൊണ്ടാണല്ലൊ, അവരുടെ ശിഷ്യഗണങ്ങള്‍ക്ക് ഈ കഴിവും മികവും പകര്‍ന്നുകിട്ടിയത്. കുട്ടികള്‍ മികവിലേക്കുയരുമ്പോള്‍ അവരെ പ്രാപ്തരാക്കിയ ഗുരുജനങ്ങള്‍ കൂടി ആദരിക്കപ്പെടുകയാണ്.
പഠനപ്രക്രിയയ്ക്കു പുറത്തുള്ള സംഗതിയാണ് കലാസാഹിത്യരംഗത്തെ പ്രവര്‍ത്തനങ്ങളെന്ന കാഴ്ചപ്പാടിന് ഇന്ന് മാറ്റം വന്നിട്ടുണ്ട്. കേവലം വൈജ്ഞാനിക വികാസം മാത്രമല്ല, മറിച്ച് കുട്ടിയുടെ കലാപരവും കായികവുമായ കഴിവുകളുടെയും വ്യക്തിത്വത്തിന്റെ തന്നെയും സര്‍വ്വതല സ്പര്‍ശിയായ വികാസമാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ പ്രക്രിയയുടെ അവിഭാജ്യമായ ഘടകമാണ് കലാസാഹിത്യ പ്രവര്‍ത്തനങ്ങളും അതിന്റെ മൂര്‍ത്തീഭാവമായ ഇത്തരം മേളകളും.
ഓരോ വിദ്യാര്‍ത്ഥിയിലും അന്തര്‍ലീനമായിരിക്കുന്ന കലാകാരനെ ഉണര്‍ത്തിയെടുക്കാനുള്ള പ്രക്രിയ കൂടിയാവണം വിദ്യാഭ്യാസം. എല്ലാ വിദ്യാര്‍ത്ഥികളും അതുല്യ പ്രതിഭകളായ കലാപ്രവര്‍ത്തകര്‍ ആകണമെന്നില്ല. എന്നിരിക്കിലും ഓരോ വിദ്യാര്‍ത്ഥിയിലും അന്തര്‍ലീനമായിരിക്കുന്ന കലാപരമായ കഴിവുകള്‍ പ്രകാശിപ്പിക്കാന്‍ കൂടി വിദ്യാഭ്യാസത്തിനു കഴിയണം. കുട്ടികളിലെ കലാപരമായ ശേഷികളെ മാത്രമല്ല, അവരിലെ നന്മകളെ കൂടി പ്രകാശിപ്പിച്ചെടുക്കാന്‍ കഴിയണം. ചുരുക്കത്തില്‍ ഒരു മനുഷ്യന്റെ പൂര്‍ണ്ണമായ ജീവിതത്തെ അഭിസംബോധന ചെയ്യുന്നതാവണം വിദ്യാഭ്യാസം എന്ന പ്രക്രിയ.
രോഗാതുരമാവുന്ന മനുഷ്യമനസ്സിനെ ചികിത്സിക്കാന്‍ ഏറ്റവും ഉത്തമമായ ഔഷധം കലയാണ്. കലയിലൂടെ മനുഷ്യരാശിക്കു നഷ്ടപ്പെടുന്ന നന്മ വീണ്ടെടുക്കാനാവും. വിദ്യാഭ്യാസത്തില്‍ കലയ്ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുക വഴി വ്യക്തികളിലെ ക്രിയാത്മകത വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.
മാനുഷികമായ സമസ്ത നന്മകള്‍ക്കും വേണ്ടി വെമ്പല്‍ കൊള്ളാനായി ആസ്വാദകരെ പ്രചോദിപ്പിക്കാന്‍ കലയ്ക്കും സാഹിത്യത്തിനും കഴിയും. അവരെ അത് പ്രചോദിപ്പിക്കും. ജീവിതത്തെ കൂടുതല്‍ ജീവിതയോഗ്യമാക്കിയെടുക്കാനതു സഹായിക്കും.
എന്നാലതേസമയം, നല്ല കലാരൂപങ്ങളും അതിന്റെ സൃഷ്ടാക്കളും പല കാലത്തും ആക്രമണത്തിനു വിധേയമായിട്ടുണ്ട്. ഇതിനു വേണ്ടുവോളം ഉദാഹരണങ്ങള്‍ നമ്മുടെ കൊച്ചു കേരളത്തില്‍ തന്നെയുണ്ട്. ഫ്യൂഡല്‍ വ്യവസ്ഥയ്‌ക്കെതിരെ ആഞ്ഞടിച്ച തോപ്പില്‍ ഭാസിയുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകത്തിനെതിരെ എത്രയോ ആക്രമണങ്ങള്‍ നടന്നു. അതില്‍ മനസ്സുമടുത്ത് കലാപ്രവര്‍ത്തനം നിര്‍ത്തിയില്ല ആ കലാകാരന്മാര്‍. ഞാനിതു പറയുന്നത് കലാരംഗത്തെ പ്രവര്‍ത്തനങ്ങള്‍ ആയാസരഹിതമായോ ത്യാഗമാവശ്യമില്ലാത്തവയോ അല്ല എന്നു സൂചിപ്പിക്കാനാണ്. അതുകൊണ്ടുതന്നെ പ്രതികൂല സാഹചര്യങ്ങളെ മനസ്സു തളരാതെ അതിജീവിക്കാന്‍ വേണ്ട മനോബലം കൂടി കലാരംഗത്തേക്കു കടക്കുന്നവര്‍ ആര്‍ജിക്കണം.
ഇത്തരം കലോത്സവങ്ങളില്‍ വിജയികളാവുന്നവര്‍ തന്നെയാണ് പില്‍ക്കാലത്ത് ആ രംഗത്തെ പ്രഗത്ഭ കലാകാരന്മാരും കലാകാരികളുമായി മാറുന്നത്. നിരവധി ഉദാഹരണങ്ങള്‍ എടുത്തുകാട്ടാനുണ്ട്. എന്നാലതേസമയം, സ്‌കൂള്‍ വിദ്യാഭ്യാസ കാലം കഴിയുന്നതോടെ കലാപ്രവര്‍ത്തനം അവസാനിപ്പിക്കുന്ന ഒരു വലിയ വിഭാഗവുമുണ്ട്. നമ്മുടെ പല പഴയ കലാപ്രതിഭകളുടെയും കലാതിലകങ്ങളുടെയും പിന്നീടുള്ള ജീവിതം പരിശോധിച്ചാല്‍ ഇത് വ്യക്തമാകും.ഈ വിഷയം ഗൗരവമായി കലാകേരളം ചര്‍ച്ച ചെയ്യണം. അവരെ കണ്ടെത്തി കലാകേരളത്തിനു മുതല്‍ക്കൂട്ടാക്കാനുള്ള ശ്രമങ്ങള്‍ കൂട്ടായി നടത്തേണ്ടതുണ്ട്. സര്‍ക്കാര്‍ അക്കാര്യത്തില്‍ ശ്രദ്ധ വെക്കും എന്നു കൂടി അിറയിക്കുന്നു.
'യുവജനഹൃദയം സ്വതന്ത്രമാണ്,
അവരുടെ കാമ്യപരിഗ്രഹേച്ഛയില്‍'
എന്നെഴുതിയത് മറ്റാരുമല്ല മഹാകവി കുമാരനാശാനാണ്. ആഗ്രഹങ്ങളുടെ സാഫല്യത്തിനുവേണ്ടിയുള്ള സ്വാതന്ത്ര്യമാണ് പുതുതലമുറ ഇച്ഛിക്കുന്നത്. ആ ആഗ്രഹങ്ങളുടെ സര്‍ഗാത്മകമായ പ്രതിഫലനമാകും ഇനി ഇവിടെ നടക്കാന്‍ പോകുന്ന കലാ ആവിഷ്‌കാരങ്ങള്‍ എന്നു പ്രതീക്ഷിക്കുന്നു. ഈ കലോത്സവം ശ്രദ്ധേയമാകാന്‍ പോകുന്നത് ഇവിടെ അവതരിപ്പിക്കപ്പെടാന്‍ പോകുന്ന കലാരൂപങ്ങളുടെ വൈവിധ്യസമൃദ്ധി കൊണ്ടാണ്. ഒരു വൈവിധ്യവുമില്ലാത്ത ഏകതാനതയാണ് കലോത്സവത്തിന്റെ മുഖമുദ്രയെങ്കില്‍ അത് എത്ര വിരസമായിരിക്കും?
ഇത് കലയുടെ കാര്യത്തില്‍ മാത്രമല്ല, സമൂഹത്തിന്റെ ആകെ കാര്യത്തില്‍ പ്രസക്തമാണ്.
കലോത്സവങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നത് മനുഷ്യനും മനുഷ്യനും തമ്മിലുള്ള പരസ്പരസ്‌നേഹവും സാഹോദര്യവും സഹവര്‍ത്തിത്വവും ഐക്യവും എല്ലാം ഊട്ടിയുറപ്പിക്കാന്‍ വേണ്ടിയാണ്. കലാപ്രകടനങ്ങള്‍ക്കുള്ള വേദിയായിരിക്കുമ്പോള്‍ തന്നെ അത്തരം കാഴ്ചപ്പാടുകള്‍ക്കു കൂടി ഇവിടെ പ്രാധാന്യം കൈവരണം. ചിലപ്പോഴെല്ലാം കലോത്സവ വേദികള്‍ കിടമത്സരങ്ങളുടെയും തര്‍ക്കങ്ങളുടെയും എല്ലാം വേദിയാകാറുണ്ട്. അതുണ്ടാവാതെ ഇരിക്കാനും കലാപരമായ കഴിവുകളുടെ പ്രകാശനത്തിനു കൈവരുന്ന അവസരമായി ഇതിനെ കാണാനും എല്ലാവരും ശ്രമിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഏവര്‍ക്കും നല്ല കലയുടെ ദിവസങ്ങള്‍ ആശംസിക്കുന്നു. 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം നിറഞ്ഞ സന്തോഷത്തോടെ ഔപചാരികമായി ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു. എല്ലാവര്‍ക്കും സ്‌നേഹാഭിവാദനങ്ങള്‍.